ആന്റണി രാജുവിനെതിരെ രൂക്ഷ വിമർശനം: നീതി നിർവഹണത്തിന്റെ അടിത്തറ തകർക്കുന്ന നടപടി : കോടതി

Sunday 04 January 2026 12:31 AM IST

തിരുവനന്തപുരം : ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസ്

നീതി നിർവഹണത്തിന്റെ അടിത്തറ തകർക്കുന്ന നടപടിയെന്ന് കോടതി.

മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിനും കോടതിയിലെ മുൻ ക്ലാർക്കായ ജോസിനും ശിക്ഷവിധിച്ചുള്ള നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധിന്യാത്തിലാണ് ഗുരുതര പരാമർശം. കുറ്റകൃത്യം നടത്തിയവർ കോടതി ഉദ്യോഗസ്ഥനും അഭിഭാഷകനുമാണെന്നത് ഗൗരവമേറിയ കാര്യമാണ്. നിയമത്തെപ്പറ്റി വ്യക്തമായ ബോധമുള്ള ഇവർ ചെയ്ത കുറ്റം നിസാരമായി കാണാൻ സാധിക്കില്ല. കുറ്റമാണെന്ന് അറിഞ്ഞുകൊണ്ടാണ് ആന്റണി രാജു തൊണ്ടി മുതൽ വാങ്ങിയത്.

കോടതി ഉത്തരവൊന്നുമില്ലാതെയാണ് ജോസ് തൊണ്ടി മുതൽ ആന്റണി രാജുവിന് കൈമാറിയത്. ഇതേക്കുറിച്ച് മൂന്നുമാസത്തോളം ജോസ് മിണ്ടിയില്ല. പിന്നീട് തൊണ്ടി മുതൽ പരിശോധിക്കാതെ തിരികെ വാങ്ങി. ഇതാണ് തിരിമറിയ്ക്ക് ഇടയാക്കിയതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. വെറുമൊരു വീഴ്ചയായി ഇതിനെ കാണാൻ കഴിയില്ല. തൊണ്ടി മുതൽ വാങ്ങാൻ ഒരു അധികാരവും ആന്റണി രാജുവിനില്ല. ഗൂഢാലോചനയക്കും തെളിവ് നശിപ്പിച്ചതിനുമടക്കം തെളിവുണ്ടെന്നും കോടതി ഉത്തരവിലുണ്ട്.

മജിസ്ട്രറ്റ് കോടതിയുടെ അധികാര പരിധിക്ക് മുകളിലുള്ള ശിക്ഷ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഈ ആവശ്യം സാധൂകരിക്കുന്ന ഒരു കാര്യവും ഹാജരാക്കാനായില്ല. ഈ സാഹചര്യത്തിലാണ് ഉയർന്ന കോടതിയിലേക്ക് ശിക്ഷാ വിധി കൈമാറണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളയതെന്നും ഉത്തരവിൽ വിശദീകരിക്കുന്നു.