തിരഞ്ഞെടുപ്പിന് ഒരുങ്ങവേ തിരിച്ചടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനുള്ള നീക്കങ്ങൾ നടത്തവേയാണ് മിന്നലേറ്റപോലെ കോടതിവിധി ആന്റണി രാജുവിന് പ്രഹരമായത്.
2016ലും 2021ലും തിരുവനന്തപുരത്ത് മത്സരിച്ച ആന്റണി രാജു ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7089 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് ശിവകുമാറിനെ പരാജയപ്പെടുത്തിയത്. രണ്ടു വർഷത്തോളം ഗതാഗത മന്ത്രിയുമായിരുന്നു. ഘടകകക്ഷിക്ക് ഇടതുമുന്നണി മാറ്റിവച്ചിട്ടുള്ളതാണ് തിരുവനന്തപുരം സീറ്റ്.
യു.ഡി.എഫിൽ നിന്നു തിരുവനന്തപുരം സീറ്റ് തിരിച്ചു പിടിച്ചതിൽ ആന്റണി രാജുവിന്റെ സ്വാധീനം നിർണായകമായിരുന്നു.
ജനാധിപത്യ കേരള കോൺഗ്രസിന് നൽകിയ തിരുവനന്തപുരം സീറ്റ് സി.പി.എം തിരിച്ചെടുക്കാനും സാദ്ധ്യതയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ സാദ്ധ്യതയില്ല.
അന്വേഷണ ഉദ്യോഗസ്ഥന്റെ 20 വർഷത്തെ പോരാട്ടം
#അടിവസ്ത്രത്തിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ.ജയമോഹൻ ഹൈക്കോടതിയെ സമീപിച്ചു. കൃത്രിമം നടന്നുവെന്ന് വിജിലൻസ് റിപ്പോർട്ട് നൽകി. 2005ൽ ഫെബ്രുവരി 13ന് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചു. ഉത്തരമേഖലാ ഐ.ജിയായിരുന്ന ടി.പി.സെൻകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
# ആന്റണി രാജു സുപ്രീം കോടതിവരെ നിയമയുദ്ധം നടത്തിയെങ്കിലും വിചാരണ നേരിടാനായിരുന്നു നിർദേശം. ഓസ്ട്രേലിയയിൽ കൊലക്കുറ്റത്തിന് ജയിലിലായ പ്രതി കേരളത്തിലെ സംഭവം സഹതടവുകാരനോട് വെളിപ്പെടുത്തിയത് ഇന്റർപോൾ സി.ബി.ഐയെ അറിയിച്ചു. അതും നിർണായകമായി.
10വർഷ തടവിൽ നിന്ന് രക്ഷപ്പെട്ടു
# ഐ.പി.സി 120 ബി- വഞ്ചന, 201 തെളിവ് നശിപ്പിക്കൽ,193 വ്യാജതെളിവ് ചമയ്ക്കൽ,165 തിരിമറി, 409 പൊതുസേവകർ നടത്തുന്ന വഞ്ചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
# ഐ.പി.സി 409 പ്രകാരമുള്ള പരമാവധി ശിക്ഷയായ 10വർഷം തടവ് വിധിക്കാൻ കേസ് സി.ജെ.എം കോടതിയിലേക്ക് കൈമാറണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മൻമോഹൻ അപേക്ഷ നൽകി. വൈകിട്ട് 4.45ന് പരിഗണിച്ചപ്പോൾ, പ്രോസിക്യൂഷന്റെ അപേക്ഷ തള്ളിയ കോടതി മൂന്നുവർഷം ശിക്ഷവിധിച്ചു. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് പരമാവധി വിധിക്കാവുന്ന ശിക്ഷ മൂന്നുവർഷമാണ്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്ത് ഹാജരായി.
വിധിയിൽ സന്തോഷമുണ്ട്. ആന്റണി രാജു ശിക്ഷിക്കപ്പെട്ടു എന്നതിലല്ല, സത്യം ജയിച്ചു എന്നതിലാണ് സന്തോഷം. എത്ര ശക്തരായവരും നമ്മുടെ നീതിന്യായ സംവിധാനത്തിന് താഴെയാണെന്ന മഹത്തായ സന്ദേശമാണ് വിധി. ഒരു സാധാരണ വ്യക്തിക്കെതിരെയുള്ള കേസാണെങ്കിൽ 30 കൊല്ലം നീളുമായിരുന്നില്ല. എങ്കിലും വിധി കോടതിയോടുള്ള വിശ്വാസം വർദ്ധിപ്പിക്കുകയാണ് .
-കെ.കെ. ജയമോഹൻ ( അന്വേഷണ ഉദ്യോഗസ്ഥൻ )