ആന്റണി രാജു എം.എൽ.എ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല: വി.ഡി. സതീശൻ

Sunday 04 January 2026 12:40 AM IST

കട്ടപ്പന: തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ കുറ്റക്കാരനായ ആന്റണി രാജു എം.എൽ.എ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിയായ ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷം നേരത്തെ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നതാണ്. കേസിൽ പ്രതിയാണെന്ന് അറിഞ്ഞു കൊണ്ടാണ് പിണറായി വിജയൻ ആന്റണി രാജുവിനെ മന്ത്രിയാക്കിയത്. ലഹരിമരുന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്ന് പിടിയിലായ വിദേശിയെ രക്ഷിക്കുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് കേസ്. അത്രയും ഗുരുതരമായ കേസിലെ പ്രതിയെയാണ് പിണറായി വിജയൻ മന്ത്രിയാക്കിയത്. ഇതിനെതിരെ പ്രതിപക്ഷം നിലപാട് എടുത്തിട്ടും രണ്ടരവർഷക്കാലം അയാളെ പിണറായി വിജയൻ മന്ത്രിയായി കൊണ്ടു നടന്നു. പ്രതിയായ വിദേശിയെ വെറുതെ വിട്ട കേസിൽ കോടതിക്ക് സംശയം തോന്നിയതു കൊണ്ടു മാത്രമാണ് തെളിവ് നശിപ്പിച്ചതിന് പിന്നീട് കേസെടുത്തത്. പ്രതികളെ സംരക്ഷിക്കൽ തന്നെയാണ് എൽ.ഡി.എഫും സി.പി.എമ്മും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കിടക്കുന്ന പ്രതികളെ സി.പി.എം ഇപ്പോഴും സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉഭയകക്ഷി ചർച്ചകൾ ഉടൻ

നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് യു.ഡി.എഫിലെ ഒരു ഘടകകക്ഷികളുമായും ചർച്ച ആരംഭിച്ചിട്ടില്ല. ചർച്ചകൾ ഉടൻ ആരംഭിക്കും. കോൺഗ്രസിനേക്കാൾ കുത്തിത്തിരിപ്പിന് ഇപ്പോൾ സാദ്ധ്യത എൽ.ഡി.എഫിലാണ്. ഒരു വശത്ത് ടീം യു.ഡി.എഫ് നിൽക്കുമ്പോൾ മറുവശത്ത് ശിഥിലമായ എൽ.ഡി.എഫാണ്. ചതിയൻ ചന്തുവും പി.എം ശ്രീയുമൊക്കെ എൽ.ഡി.എഫിലാണ്. അടുത്ത തിരഞ്ഞെടുപ്പ് വരെ എല്ലാ ദിവസവും വെള്ളാപ്പള്ളി വാർത്താസമ്മേളനം നടത്തണമെന്നും ഇതുപോലെ തന്നെ പിണറായി വിജയനെ സംരക്ഷിക്കണമെന്നുമാണ് തന്റെ ആഗ്രഹം. തൊടുപുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി മകൻ പ്രവർത്തിച്ചത് കൊണ്ട് മാതാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവം സി.പി.എം എത്രത്തോളം അധ:പതിച്ചുവെന്നത് വ്യക്തമാക്കുന്നതാണ്. ആ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.