സിനിമാക്കഥയിലെ തൊണ്ടിമുതൽ; ചർച്ചയായി ആനവാൽമോതിരം

Sunday 04 January 2026 12:42 AM IST

തിരുവനന്തപുരം: അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി അറസ്റ്റിലായത് 1990 ഏപ്രിൽ 4ന്.

1991 ഏപ്രിൽ 27ന് പുറത്തിറങ്ങിയ 'ആനവാൽ മോതിരം' എന്ന സിനിമയിൽ ബാങ്കോക്കിൽ നിന്നുമെത്തുന്ന ആൽബർട്ടോ ഫെലിനിയെന്ന കഥാപാത്രം ധരിച്ചിരുന്ന അടിവസ്ത്രമാണ് തൊണ്ടിമുതൽ.

ആ കഥ ഇങ്ങനെ: പൊലീസിൽ നിന്നു രക്ഷപ്പെടാനായി കിണറ്റിൽ വീഴുന്ന ആൽബർട്ടോ ഫെലിനിയെ (ഗാവിൻ പക്കാഡ്) ലോക്കപ്പിൽ ചോദ്യം ചെയ്യുമ്പോഴാണ് അടിവസ്ത്രത്തിൽ ഹെറോയിൻ കണ്ടെത്തുന്നത്. കിലോഗ്രാമിന് ഒരു കോടി വിലയുള്ള മയക്കുമരുന്നാണ് ഇതെന്ന് എസ്.ഐ. നന്ദകുമാർ (സുരേഷ്ഗോപി) സി.ഐ ജെയിംസ് പള്ളിത്തറയെ (ശ്രീനിവാസൻ) അറിയിക്കുന്നു.

പിന്നീടുള്ള കോടതി സീനാണ് യഥാർത്ഥ സംഭവത്തെ ഓർമ്മിപ്പിക്കുന്നത്.

സി.ഐ ജയിംസിനോട് പ്രതിഭാഗം അഭിഭാഷകൻ ചോദിക്കുന്നു:

നിങ്ങൾ പിടിച്ചെടുത്തുവെന്നു പറയുന്ന ഒരുതരം പൊടി

എന്തായിരുന്നു അത്?

ജെയിംസ്: ഹെറോയിൻ.

വക്കീൽ:യെസ്, യെസ് ഹെറോയിൻ. എവിടെയായിരുന്നു ഒളിപ്പിച്ചുവച്ചിരുന്നത്?

ജെയിംസ്: അത് ഡ്രോയറിന്റെ ഇലാസ്റ്റിക് ബാൻ‌ഡിൽ

വക്കീൽ: ഓഹോ ഡ്രോയർ അദ്ദേഹം ഉടുത്തിരുന്നോ ,അതോ വേറെ വല്ലയിടത്തും...?

ജെയിംസ്: ഉടുത്തിരുന്നു

വക്കീൽ: യുവർ ഓണർ ഉടുത്തിരുന്നു, പ്സീസ് നോട്ട്.

അഭിഭാഷകൻ നീല നിറമുള്ള തൊണ്ടിസാധനമായ അടിവസ്ത്രം പുറത്തെടുക്കുന്നു.

''ഈ ഡ്രോയർ മിസ്റ്റർ ആൽബർട്ടോയെ നിങ്ങൾക്ക് ധരിപ്പിക്കാമോ''

ജെയിംസ് : ഇതല്ല ആ ഡ്രോയർ, ഇതല്ല

വക്കീൽ: യെസ് ... തൊണ്ടി സാധനങ്ങളുടെ കൂട്ടത്തിൽ പൊലീസ് ഹാജരാക്കിയ ഡ്രോയർ ഇതാണ്...

പതിനഞ്ചു വയസ്സുകാരനു പോലും പാകമാകാത്ത ഈ ഡ്രോയർ ആൽബർട്ടോയെ നിങ്ങൾക്ക് ധരിപ്പിക്കാമോ?

ജെയിംസ്: അത്.. അത്... ഇത് മാറിയിട്ടുണ്ടെന്നാണ്....

വക്കീൽ:ഐ ‌ഡോണ്ട് വാണ്ട് യുവർ എക്സ് പ്ലനേഷൻ... ഇത് ആൽബർട്ടോയെ ഉടുപ്പിക്കാമോ ഇല്ലയോ?

ടെൽ മി യെസ് ഓർ നോ?

ജെയിംസ്: 'നോ'

കോടതി വിധി പ്രതിക്ക് അനുകൂലം.

ടി.ദാമോദരന്റെ തിരക്കഥ

ടി ദാമോദരന്റെ തിരക്കഥയിൽ ജി.എസ് വിജയൻ സംവിധാനം ചെയ്ത സിനിമയാണ് ആനവാൽമോതിരം. ഗ്രേ​ഗ് ചാമ്പ്യന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് കോമിക് ചിത്രം ഷോർട്ട് ടെെമിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് തിരക്കഥ തയ്യാറാക്കിയത്. ദാമോദരന്റെ തിരക്കഥയിൽ ചില മാറ്റങ്ങൾ ശ്രീനിവാസനും സംവിധായകനും നിർദ്ദേശിച്ചിരുന്നു.