നിയമസഭ: ലീഗ് കൂടുതൽ സീറ്റ് ചോദിക്കും; തങ്ങൾ
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശൂരിന് അപ്പുറത്തേക്കുള്ള ജില്ലകളിൽ മുസ്‌ലിം ലീഗ് വലിയ മുന്നേറ്റമാണ് നടത്തിയത്. അതിനനുസരിച്ച് കൂടുതൽ സീറ്റ് ലഭിക്കണമെന്ന് പ്രവർത്തകരും നേതൃത്വവും ആഗ്രഹിക്കുന്നുണ്ട്. നിലവിലെ സീറ്റുകൾ മലബാർ കേന്ദ്രീകരിച്ചുള്ളവയാണ്. തെക്കൻ കേരളത്തിൽ നേരത്തെ മുസ്ലിംലീഗ് മത്സരിച്ചിരുന്നു. ലീഗിന് കൂടുതൽ സീറ്റ് ലഭിച്ചാൽ ആനുപാതികമായി വനിതകൾക്കുള്ള സീറ്റിലും വർദ്ധനവുണ്ടാകും. പുതുമുഖങ്ങളെയും അനുഭവ സമ്പത്തുള്ളവരെയും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തും. സിറ്റിംഗ് എം.എൽ.എമാരിൽ എല്ലാവരും മത്സരിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ചില സീറ്റുകൾ വച്ചു മാറണമെന്ന ആഗ്രഹം അണികൾക്കുണ്ട്. ഇക്കാര്യം ചർച്ചയിൽ മുന്നോട്ടു വയ്ക്കും. സീറ്റ് വച്ചു മാറുന്ന കാര്യത്തിൽ ജയ സാദ്ധ്യതയാണ് പരിഗണിക്കുക. കുഞ്ഞാലിക്കുട്ടി തന്നെ പാർട്ടിയെ നയിക്കും. വെൽഫെയർ പാർട്ടിയുമായി മുന്നണി ബന്ധമില്ല. പക്ഷേ, വോട്ട് വേണ്ടെന്ന് പറയില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കണമെന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. അതിൽ ലീഗിന് അഭിപ്രായമില്ല. 100 സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരും.
മുന്നണി വിപുലീകരണം ലീഗിന്റെ മാത്രം ആവശ്യമല്ല. എല്ലാ ഘടകകക്ഷികളും ആഗ്രഹിക്കുന്നുണ്ട്. ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെത്തിക്കാൻ ശ്രമം തുടരും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണങ്ങൾക്ക് ലീഗ് മറുപടി കൊടുക്കേണ്ടതില്ലെന്നാണ് നയം. വെള്ളാപ്പള്ളിയുമായി ചർച്ച ചെയ്യേണ്ട ആവശ്യവുമില്ല. ലീഗിനെ വെള്ളാപ്പള്ളി തിരുത്തേണ്ടതില്ല. ലീഗ് സഹിഷ്ണുതയും സഹവർത്തിത്വവുമുള്ള പാർട്ടിയാണ്. അഭിപ്രായ വ്യത്യാസങ്ങൾ വർഗ്ഗീയ ചേരിതിരിവിലേക്ക് പോകാൻ പാടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.