പ്രവാസി വോട്ടർമാർക്ക് പേരുചേർക്കാനാകുന്നില്ല: മുസ്ളിം ലീഗ്

Sunday 04 January 2026 12:23 AM IST

തിരുവനന്തപുരം: പ്രവാസി വോട്ടർമാർക്ക് എസ്.ഐ.ആർ വോട്ടർപട്ടികയിൽ പേരുചേർക്കാനാകുന്നില്ലെന്നും തടസങ്ങൾ നീക്കിയില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്നും മുസ്ളിം ലീഗ്. സംസ്ഥാനത്തെ എസ്.ഐ.ആർ നടപടികളുടെ പുരോഗതി വിലയിരുത്താനും നിർദ്ദേശങ്ങൾ സ്വീകരിക്കാനും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻകേൽക്കർ വിളിച്ചു ചേർത്ത യോഗത്തിലാണ് മുസ്ളിം ലീഗ് സംസ്ഥാന സെക്രട്ടറിയും നിയമകാര്യവിഭാഗം മേധാവിയുമായ അഡ്വ. മുഹമ്മദ് ഷാ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ് 20 ലക്ഷത്തോളം പ്രവാസി വോട്ടർമാരുണ്ട്. അവരിൽ 75,000 പേരാണ് എസ്.ഐ.ആറിൽ പേരുചേർക്കാൻ അപേക്ഷിക്കാനായത്. ഇതിനായി 6 എ.ഫോം ആണ് നൽകേണ്ടത്. എന്നാൽ വിദേശത്ത് ജനിച്ചവർക്ക് ഇതിൽ പേരുചേർക്കാനാകുന്നില്ല. പാസ്പോർട്ട് എടുക്കുന്നതിനെക്കാൾ പ്രയാസമാണ് വോട്ടർപട്ടികയിൽ പേരുചേർക്കാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഹിയറിംഗിന് വിളിക്കാനുള്ള നടപടി ഉപേക്ഷിക്കണമെന്നും യോഗത്തിൽ രാഷ്ട്രീയ പ്രതിനിധികൾ ആവശ്യപ്പെട്ടു.