എസ്.ഐ.ടി ഇഴഞ്ഞാൽ പ്രതികൾക്ക് ജാമ്യം കിട്ടും

Sunday 04 January 2026 1:27 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ 10പ്രതികൾക്കും എസ്.ഐ.ടി ഉടൻ കുറ്റപത്രം നൽകിയില്ലെങ്കിൽ അവർ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങാൻ സാദ്ധ്യത. പരമാവധി 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം കിട്ടാം. ഉണ്ണികൃഷ്ണൻ പോറ്റിയെ ഒക്ടോബർ 17നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ഒക്ടോബർ 23നും എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഡി.സുധീഷ് കുമാറിനെ നവംബർ ഒന്നിനുമാണ് അറസ്റ്റ് ചെയ്തത്. കുറ്റപത്രം നൽകിയിട്ടില്ല.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എൻ.വാസു, എ.പത്മകുമാർ എന്നിവരുടെ റിമാൻഡും വൈകാതെ 60 ദിവസം പിന്നിടും. ഇവരെല്ലാം ജാമ്യം തേടി വിവിധ കോടതികളെ സമീപിച്ചിരിക്കുകയാണ്. വാസുവിന്റെ ജാമ്യഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ബോർഡംഗമായിരുന്ന കെ.പി.ശങ്കരദാസിന്റെ മുൻകൂർ ജാമ്യഹർജിയും 7ന് പരിഗണിക്കുന്നുണ്ട്. ഹൈക്കോടതി നീട്ടിനൽകിയ അന്വേഷണ കാലാവധി പൂർത്തിയാകാൻ ഇനി 2 ആഴ്ച കൂടിയേ ബാക്കിയുള്ളൂ. 5ന് ദേവസ്വം ബെഞ്ച് കേസ് പരിഗണിക്കുമ്പോൾ എസ്.ഐ.ടി ഒരുമാസം കൂടി അന്വേഷണ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെടും.