മറ്റത്തൂർ വിവാദം ഒതുക്കാൻ സമവായ ചർച്ച തുടരുന്നു

Sunday 04 January 2026 12:35 AM IST

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ വിവാദം ഒതുക്കാൻ കെ.പി.സി.സി നിർദ്ദേശപ്രകാരം റോജി ജോൺ എം.എൽ.എ പാർട്ടി പുറത്താക്കിയ നേതാക്കളും അംഗങ്ങളുമായി ചർച്ച നടത്തി സമവായത്തിലെത്തിയെങ്കിലും തീരുമാനമായില്ല. ബി.ജെ.പി പിന്തുണയോടെ വൈസ് പ്രസിഡന്റായി വിജയിച്ച കോൺഗ്രസ് അംഗം നൂർജഹാൻ രാജിവയ്ക്കണമെന്നായിരുന്നു കെ.പി.സി.സിയുടെ നിർദ്ദേശം. ഇത് വിമത വിഭാഗം അംഗീകരിച്ചുവെങ്കിലും ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രന്റെ നിർദ്ദേശം അംഗീകരിക്കാനുള്ള വിയോജിപ്പാണ് സമവായം നടപ്പിലാകാതിരിക്കാനുള്ള കാരണം. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ നടപടിയെടുക്കണമെന്നാണ് ചന്ദ്രന്റെ ആവശ്യം. എന്നാൽ,ഇതിനു പിന്നിൽ മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരാണെന്ന് പ്രചാരണമുള്ളതിനാൽ ജില്ലയിലെ കോൺഗ്രസിൽ വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കുമെന്നത് കണക്കിലെടുത്ത് കെ.പി.സി.സി വഴങ്ങിയിട്ടില്ല. സമവായ ചർച്ചയും മറ്റും ഡി.സി.സി പ്രസിഡന്റിനെ ഉൾപ്പെടുത്താതെയാണ് കെ.പി.സി.സി നടത്തിയത്. അതേസമയം,​സമവായമില്ലെങ്കിൽ ബി.ജെ.പിയോടൊപ്പം വോട്ട് ചെയ്തവരെ പുറത്താക്കിയ നടപടി തുടരുകയും നിയമനടപടികളുമായി മുന്നോട്ടു പോകാനുമാണ് കെ.പി.സി.സിയുടെയും നിലപാട്.