പുതിയ തൊഴിലുറപ്പ് നയം: രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺ.
ന്യൂഡൽഹി: മഹാത്‌മാഗാന്ധി തൊഴിലുറപ്പ് പദ്ധതി (എം.ജി.എൻ.ആർ.ഇ.ജി.എ) പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 10 മുതൽ ഫെബ്രുവരി 25 വരെ നീളുന്ന രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കോൺഗ്രസ്. പഞ്ചായത്തു മുതൽ ദേശീയതലംവരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിബി- ഗ്രാം- ജി നിയമം പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് യഥാർത്ഥ രൂപത്തിൽ പുനഃസ്ഥാപിക്കുക, ജനങ്ങളുടെ ജോലി ചെയ്യാനുള്ള അവകാശവും പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവയ്‌ക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
പ്രക്ഷോഭത്തിന് മുന്നോടിയായി 8ന് പി.സി.സി തല തയ്യാറെടുപ്പ് യോഗങ്ങൾ നടക്കും. 10ന് ജില്ലാതല വാർത്താസമ്മേളനങ്ങൾ നടത്തി പ്രതിഷേധപരിപാടികൾ വിശദീകരിക്കും. 11ന് മഹാത്മാഗാന്ധി, ഡോ. ബി.ആർ.അംബേദ്കർ പ്രതിമകൾ കേന്ദ്രീകരിച്ച് ഏകദിന ഉപവാസം, 12 മുതൽ 29 വരെ പഞ്ചായത്തുതല ഗ്രാമപഞ്ചായത്ത്, ബഹുജന സമ്പർക്കപരിപാടികൾ. ബഹുജന സമ്പർക്ക പരിപാടികളിൽ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും കത്തുകൾ വിതരണം ചെയ്യും.
30ന് വാർഡ്, ബ്ലോക്ക് തലങ്ങളിൽ കുത്തിയിരിപ്പ് സമരങ്ങളും 31 മുതൽ ഫെബ്രുവരി ആറുവരെ ജില്ലാതല തൊഴിലുറപ്പ് സംരക്ഷണ ധർണകളും സംഘടിപ്പിക്കും. ഫെബ്രുവരി 7 മുതൽ 15 വരെ നിയമസഭകൾ, ലോക്ഭവനുകൾ, കേന്ദ്ര സർക്കാർ ഓഫീസ് എന്നിവയ്‌ക്കു മുന്നിൽ ഉപരോധം നടത്തും. ഫെബ്രുവരി 16നും 25നുമിടയിൽ നടത്തുന്ന നാലു സോണൽ മെഗാ റാലികളോടെ പ്രക്ഷോഭം സമാപിക്കും.