സ്ത്രീ സുരക്ഷാ പദ്ധതി: അപേക്ഷകർ എട്ടുലക്ഷം കടന്നു അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ’ പദ്ധതി ആരംഭിച്ച് 12 ദിവസം പിന്നിടുമ്പോൾ 8,52,223 പേർ അപേക്ഷ സമർപ്പിച്ചു. അർഹരായവർക്ക് പ്രതിമാസം 1000 രൂപ വീതം സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. കേരളത്തിലെ സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും ആത്മാഭിമാനത്തോടെ മുന്നേറാനും ലക്ഷ്യമിട്ടാണ് പദ്ധതി.
അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന 35-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. മറ്റ് യാതൊരുവിധ ക്ഷേമ പെൻഷൻ പദ്ധതികളിലും അംഗമായിരിക്കാൻ പാടില്ല. https://ksmart.lsgkerala.gov.in മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷാ നിരക്ക് 40 രൂപ
സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി ഈടാക്കാവുന്ന നിരക്കുകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. രജിസ്ട്രേഷനും അനുബന്ധ സേവനങ്ങൾക്കും 40 രൂപയാണ് സേവന നിരക്ക്. രേഖകൾ സ്കാൻ ചെയ്യുന്നതിനും പ്രിന്റിംഗിനും മിതമായ നിരക്കുകളേ ഈടാക്കാവൂ.