സപ്ലൈകോ സബ്സിഡി അരി ഒറ്റത്തവണ
Sunday 04 January 2026 1:53 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ എട്ട് കിലോഗ്രാം അരി ഒറ്റ തവണയായി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിൽ രണ്ടു തവണകളായി നാലു കിലോഗ്രാം വീതമാണ് സബ്സിഡി മട്ട അരി നൽകുന്നത്. എന്നാൽ വയോധികർക്കും ഭിന്നശേഷിക്കാർക്കും രണ്ടു തവണ ഇതിനായി കടകളിലെത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രിയോട് സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അരിയുടെ ലഭ്യത ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ച് ഇത് നടപ്പിലാക്കും. ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ലൈവ് ഫോൺ ഇൻ പ്രോഗ്രാമിൽ വന്ന പരാതിയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.ഏതു റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങാമെന്നുള്ള നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ പുതിയ,റേഷൻ കടകൾ തുടങ്ങുന്നതിനുള്ള അപേക്ഷകൾ ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.