കിഴക്കൻ തരംഗത്തിന്റെ തണുപ്പിലേക്ക് കേരളം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ കിഴക്കൻ തരംഗമെന്ന പ്രതിഭാസം അനുഭവപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് ജനുവരിയിൽ തണുപ്പ് കൂടുമെന്ന് സൂചന. അടുത്ത രണ്ടുമൂന്ന് ദിവസം കന്യാകുമാരി,ലക്ഷദ്വീപ് പ്രദേശങ്ങളിൽ കടൽ തീരത്ത് 65കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. ആകാശം മൂടിക്കെട്ടിയും തെളിഞ്ഞും മാറിമാറിവരും.തണുപ്പ് കൂടും.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഡിസംബറിൽ തണുപ്പ് കൂടുതലായിരുന്നു. പലയിടത്തും രാത്രി താപനില 16 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തി.മൂന്നാറിൽ പൂജ്യം ഡിഗ്രിയായിരുന്നു കഴിഞ്ഞയാഴ്ചത്തെ താപനില. പകൽ താപനിലയും കുറഞ്ഞിട്ടുണ്ട്.കിഴക്കൻ തരംഗം കൂടിയെത്തിയതോടെ തണുപ്പ് ഇനിയും കൂടിയേക്കും.
ബംഗാൾ ഉൾക്കടലിൽ കിഴക്കൻ തരംഗമുണ്ടായതിന് പിന്നാലെ ശ്രീലങ്കൻ തീരത്ത് ചക്രവാതച്ചുഴി രൂപമെടുത്തിട്ടുണ്ട്.ഇതിന്റെ പാത്തി ലക്ഷദ്വീപ് മുതൽ കന്യാകുമാരി തീരം വരെയുണ്ട്. ഇതുമൂലം വെള്ളി,ശനി ദിവസങ്ങളിൽ പാലക്കാട്,ഇടുക്കി,കോട്ടയത്തിന്റെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിൽ ഏറിയും കുറഞ്ഞും ഒറ്റപ്പെട്ട മഴയുമുണ്ടായി.
തുലാവർഷം തീർന്ന സാഹചര്യത്തിൽ ചക്രവാതച്ചുഴിയുണ്ടാകുന്നത് അസാധാരണ പ്രതിഭാസമാണെന്ന് കുസാറ്റിലെ കാലാവസ്ഥാ വിഭാഗം അറിയിച്ചു.
2025ൽ വേനൽമഴ 16% അധികം കിട്ടിയെങ്കിലും കാലവർഷം 13ശതമാനവും തുലാവർഷം 21% ശതമാനവും കുറഞ്ഞു.
കിഴക്കൻ തരംഗം
കടലിലെ ജലപ്രവാഹവും ജലോപരിതലത്തിലെ താപവ്യതിയാനവും അന്തരീക്ഷമർദ്ദത്തെ സ്വാധീനിക്കുന്നതോടെ ശീതാവസ്ഥ ഉടലെടുക്കും.ഇത് കടലിനു മുകളിലെ വായുവിലും അനുഭവപ്പെടും. തിരമാലകളിലും കാറ്റിലും വ്യത്യാസമുണ്ടാകും.ഇതാണ് കിഴക്കൻ തരംഗം.