സുഹൃത്തിന്റെ വീട്ടിൽ പ്രിയ അതിഥിയായി വെള്ളാപ്പള്ളി
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുറക്കാട് - കരൂർ ശാഖാ ഗുരുമന്ദിര സമർപ്പണത്തിനെത്തിയ വെള്ളാപ്പള്ളി നടേശൻ ഇന്നലെ ആദ്യം സന്ദർശിച്ചത് ഉറ്റസുഹൃത്ത് പി.എ.ഷൗക്കത്തലി കൈരളിയെ. കുടുംബത്തിനൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചു. ഷൗക്കത്തലിയുടേയും മകൾ ഡോ.ഷാലിമയുടേയും കൈപിടിച്ചാണ് ജനറൽ സെക്രട്ടറി സമ്മേളനവേദിയിൽ എത്തിയത്.
ഇരുവരുടെയും കുടുംബ സൗഹൃദത്തിന് 50 വർഷത്തോളം പഴക്കമുണ്ട്. 1977ൽ ദേശീയപാത നിർമ്മാണക്കരാർ ഏറ്റെടുത്ത് ചെയ്യുമ്പോഴാണ് കൈരളി കുടുംബവുമായി വെള്ളാപ്പള്ളി അടുപ്പത്തിലായത്. അന്ന് ഷൗക്കത്തലിയുടെ പിതാവ് അബ്ദുൾ റഹ്മാനും (കോടി സ്വാമി) ഉണ്ടായിരുന്നു.
സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനം നടത്തിവരികയാണ് ഷൗക്കത്തലി. കഴിഞ്ഞ 30വർഷമായി ചിങ്ങം ഒന്നിനും വിഷുവിനും ആദ്യകൈനീട്ടം വെള്ളാപ്പള്ളി നൽകുന്നത് ഷൗക്കത്തലിക്കാണ്. മകൾ ഷാലിമ ആലപ്പുഴ മെഡിക്കൽ കോളേജിലെ അസി.പ്രൊഫസറാണ്. ഷാലിമയും കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയെയും കുടുംബത്തെയും കാണാറുണ്ട്.