മൂന്ന് വർഷത്തിനിടെ ജില്ലയിൽ ആരംഭിച്ചത് 36,100 സംരംഭങ്ങൾ

Sunday 04 January 2026 1:01 AM IST
മ​ല​പ്പു​റം​ ​വു​ഡ്ബൈ​നി​ൽ​ ​കേ​ര​ള​കൗ​മു​ദി​ ​​സംഘടിപ്പിച്ച മാ​റു​ന്ന​ ​മ​ല​പ്പു​റം​ ​​ബി​സിനസ് ​കോ​ൺ​ക്ളേവി​ൽ​ ​ജി​ല്ലാ​ ​വ്യ​വ​സാ​യ​ ​കേ​ന്ദ്രം​ ​അ​സി​സ്റ്റ​ന്റ് ​ഡി​സ്ട്രി​ക്ട് ​ഇ​ൻ​ഡ​സ്ട്രീ​സ് ​ഓ​ഫീ​സ​ർ​ ​എം.​ശ്രീ​ജി​ത്ത് ​സം​സാ​രി​ക്കു​ന്നു

മലപ്പുറം: മൂന്ന് വർഷത്തിനിടയിൽ മലപ്പുറം ജില്ലയിൽ 36,100ഓളം പുതിയ സംരംഭങ്ങളാണ് ആരംഭിച്ചതെന്നും ഇതുവഴി 83,000 പേർക്ക് തൊഴിൽ ലഭിച്ചുവെന്നും ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ എം.ശ്രീജിത്ത്. കേരളകൗമുദി വുഡ്‌ബൈൻ ഫോളിയേജിൽ സംഘടിപ്പിച്ച 'മാറുന്ന മലപ്പുറം' ബിസിനസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025-26 വർഷം 5000 കോടി രൂപയുടെ നിക്ഷേപമാണ് മലപ്പുറത്തേക്കെത്തിയത്. മലപ്പുറത്തേക്ക് കൂടുതൽ പേർ തൊഴിൽ തേടി വരുന്ന അവസ്ഥ വരുന്ന കാലം വിദൂരമല്ല.

പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് പദ്ധതി വഴി ഏറ്റവും കൂടുതൽ അനുമതി ലഭിച്ച ജില്ല മലപ്പുറമാണ്. ഇതിലൂടെ ഒരു സംരംഭകന് മൂന്ന് കോടി വരെ പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് നിർമ്മിക്കാൻ സർക്കാരിൽ നിന്നും സഹായം ലഭിക്കും. സംസ്ഥാന വ്യവസായ വകുപ്പിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ തിരഞ്ഞെടുത്ത് നാല് വർഷം കൊണ്ട് വിറ്റുവരവ് 100 കോടിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മിഷൻ 1000 പദ്ധതിയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സംരംഭങ്ങളെ തിരഞ്ഞെടുത്തത് മലപ്പുറം ജില്ലയിൽ നിന്നാണ്. 2004-25 വരെ ഏതാണ്ട് വ്യാവസായിക മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വ്യവസായ-വാണിജ്യ വകുപ്പ് 2025-26 മുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്ന ഏതൊരു സംരംഭത്തിനും പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.