കുരങ്ങിനെ അനുകരിച്ചാൽ ഡൽഹിയിൽ ജോലി!

Sunday 04 January 2026 1:10 AM IST

ന്യൂഡൽഹി: ഹനുമാൻ കുരങ്ങിന്റെ ശബ്ദം അനുകരിച്ചാൽ ജോലികിട്ടും. ദിവസം 750 രൂപ ശമ്പളം. ഡൽഹി സർക്കാരാണ് മിമിക്രിക്കാരെ തേടുന്നത്. നിയമസഭാ വളപ്പിലെ നാട്ടുകുരങ്ങുകളെ തുരത്തലാണ് ദൗത്യം. ലംഗൂർ അഥവാ ഹനുമാൻ കുരങ്ങിനെ നാട്ടുകുരങ്ങിന് ഭയമാണ്. കുരങ്ങുശല്യത്താൽ പൊറുതിമുട്ടുന്ന ഡൽഹിയിലെ പല സ്ഥാപനങ്ങളും ലംഗൂറുകളെ വളർത്തുമായിരുന്നു. 2012ൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലക്കു വന്നു. ഇതോടെ ലംഗൂറുകളുടെ വലിയ കട്ടൗട്ടുകളും പ്രതിമകളും വച്ചുനോക്കി. പക്ഷേ, കട്ടൗട്ടിൽ തൂങ്ങിയാടി മനുഷ്യരെ ഇളിഭ്യരാക്കി പൂർവികന്മാർ.

നിയമസഭാ സമുച്ചയത്തിൽ അലഞ്ഞുതിരിയുന്ന കുരങ്ങുകൾ സാമാജികരെ ആക്രിമിച്ച സംഭവവുമുണ്ടായി. 2017ൽ കുരങ്ങൻ സഭയിൽ കയറി ചർച്ച തടസപ്പെടുത്തി. 2020 മുതലാണ് ലംഗൂറിന്റെ ശബ്ദം അനുകരിക്കുന്നവരെ നിയമിച്ചു തുടങ്ങിയത്. കരാർ കാലാവധി കഴിഞ്ഞ 5 പേർക്ക് പകരമാണ് പുതിയ നിയമനം. തിങ്കൾ മുതൽ വെള്ളിവരെ എട്ടുമണിക്കൂർ ജോലി. മിമിക്രി ശബ്ദം കേട്ടിട്ടും കുരങ്ങൻമാർ ശല്യം തുടർന്നാൽ ജോലി പോകും. ജോലിക്ക് വന്നില്ലെങ്കിൽ ആയിരം രൂപ പിഴ. ഇൻഷ്വറൻസ് പരിരക്ഷയുമുണ്ട്.