തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജു ഇന്ന് എംഎൽഎ സ്ഥാനം രാജിവച്ചേക്കും
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചതിനെത്തുടർന്ന് ആന്റണി രാജു എം.എൽ.എ സ്ഥാനം ഇന്ന് രാജിവച്ചേക്കും. നിയമസഭാ സെക്രട്ടറി അയോഗ്യതാ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സ്വയം ഒഴിയാനാണ് നീക്കം. മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം അദ്ദേഹം എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹനല്ല. സർക്കാരിനും ആന്റണി രാജുവിനും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അയോഗ്യനാക്കപ്പെടും മുമ്പുള്ള ഈ നീക്കം.
കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി ഔദ്യോഗികമായി അയോഗ്യനാക്കുന്നതോടെയാണ് അംഗത്വം റദ്ദാകുക. ഇത് ഒഴിവാക്കാനാണ് സ്വയം രാജി വയ്ക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ തന്നെ അദ്ദേഹം സ്പീക്കറെ നേരിൽ കണ്ട് രാജിക്കത്ത് നൽകാനാണ് സാദ്ധ്യത. നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിൽ ഇമെയിൽ വഴി രാജിക്കത്ത് കൈമാറും.
ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല. ജനാധിപത്യ കേരള കോൺഗ്രസിന് നൽകിയ തിരുവനന്തപുരം സീറ്റ് സി.പി.എം തിരിച്ചെടുത്തേക്കും. വിവിധ കുറ്റങ്ങൾക്ക് മൊത്തം ആറര വർഷത്തെ തടവാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് റൂബി ഇസ്മയിൽ വിധിച്ചത്. ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന വ്യവസ്ഥയിലാണ് മൂന്നുവർഷത്തെ തടവായി ചുരുങ്ങിയത്.
ശിക്ഷാകാലയളവ് മൂന്നുവർഷമായതിനാൽ ഒരു മാസത്തെ ജാമ്യം ലഭിച്ചു. മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള സാവകാശമാണിത്. ഒന്നാം പ്രതിയായ തിരുവനന്തപുരം സെഷൻസ് കോടതിയിലെ ക്ലാർക്കായിരുന്ന കെ.എ.ജോസിനും കുറ്റകൃത്യത്തിൽ തുല്യപങ്കാളിത്തം കണ്ടെത്തിയ കോടതി സമാനശിക്ഷ വിധിച്ചു.