മഡുറോയെ തടവിലാക്കിയ യുഎസ് നടപടി: ട്രംപിന്റെ കോലം കത്തിച്ച് പ്രതിഷേധവുമായി ഡിവൈഎഫ്ഐ
ആലപ്പുഴ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയയെയും യുഎസ് പ്രസിഡന്റ് അമേരിക്ക തടവിലാക്കിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തിൽ ദുരിതമനുഭവിക്കുന്ന വെനസ്വേലൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കോലം പ്രവർത്തകർ റോഡിൽ കത്തിച്ചു. 'അമേരിക്കൻ സാമ്രാജ്യത്വം തുലയട്ടെ, പൊരുതുന്ന വെനസ്വേലൻ ജനതയ്ക്ക് ഐക്യദാർഢ്യം' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രകടനം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ആർ. രാഹുൽ, ജില്ലാ സെക്രട്ടറി ജയിംസ് ശ്യാമുവൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി.
നിക്കോളാസ് മഡുറോയെ 'യുഎസ്എസ് ഐവോ ജിമ' എന്ന യുദ്ധക്കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുവരുന്ന ചിത്രം ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനെത്തുടർന്ന് വെനസ്വേലയിൽ നിലനിൽക്കുന്ന കലുഷിതമായ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സാമ്രാജ്യത്വ ശക്തികൾ ഒരു പരമാധികാര രാഷ്ട്രത്തിന് മേൽ നടത്തുന്ന ഇത്തരം അധിനിവേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധത്തിൽ പ്രസംഗിച്ച നേതാക്കൾ വ്യക്തമാക്കി. രാജ്യത്ത് സംഘർഷം നേരിടുന്ന സാധാരണ ജനങ്ങൾക്കൊപ്പം നിൽക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.