തമിഴ്നാടിന്റെ മാത്രമല്ല, കേരളത്തിലേതും സേഫല്ല: ജീവനെടുക്കുന്ന രോഗങ്ങൾ മലയാളികളെ തേടിയെത്തും

Sunday 04 January 2026 11:33 AM IST

കോഴിക്കോട്: കേരളത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികളിലും മാരകമായ കീടനാശിനികളുടെ സാന്നിധ്യം. തമിഴ്നാട്ടിൽ നിന്നെത്തുന്നവയുടെ അത്രയും ഗുരുതരമല്ലെന്നു മാത്രം. വെള്ളായണി കാർഷിക കോളേജ് ലാബിൽ സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

കീടനാശിനി ഉപയോഗം കുറയ്ക്കാൻ കൃഷിവകുപ്പും കാർഷിക സർവകലാശാലയും ബോധവത്കരണം നടത്താറുണ്ടെങ്കിലും ഫലം കാണുന്നില്ല. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ മൂന്നു മാസം കൂടുമ്പോൾ സാമ്പിൾ പരിശോധിക്കാറുണ്ട്.

ജൂലായ് മുതൽ സെപ്തംബർ വരെ ആലപ്പുഴ, വയനാട്, കൊല്ലം ജില്ലകളിലെ 19 ബ്ളോക്കുകളിൽ നിന്നും ആറ് മുനിസിപ്പാലിറ്റികളിൽ നിന്നും ഒരു കോർപ്പറേഷനിൽ നിന്നും ശേഖരിച്ച 195 സാമ്പിളുകളാണ് പരിശോധിച്ചത്.

കാപ്സിക്കം, പയർ, പാവയ്ക്ക, പച്ചമുളക് എന്നിവയിൽ അനുവദനീയമായതിലും (.01 പി.പി.എം-പാർട്സ് പെർ മില്യൺ) കൂടുതൽ കീടനാശിനി കണ്ടെത്തി. അതിനു മുമ്പ് കണ്ണൂർ, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്ന് ശേഖരിച്ച കാപ്സിക്കം, കോവയ്ക്ക, നാരങ്ങ എന്നിവയിലും സമാനസ്ഥിതിയാണ്. അടുക്കളത്തോട്ടം വ്യാപകമാക്കി ജെെവ പച്ചക്കറികൃഷി പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് പോംവഴി.

പലവ്യഞ്ജനവും സുരക്ഷിതമല്ല. പെരുംജീരകം, ജീരകം, ഉണക്കമുളക്, മല്ലി എന്നിവ നന്നായി കഴുകി വെയിലത്ത് ഉണക്കിയെടുക്കണം.

#കണ്ടെത്തിയ കീടനാശിനി

ക്ളോത്തയാനിഡിൻ, ഡെെഫേനോകോണസോൾ, സ്പെയ്നോസാഡ്, ക്ളോറാൻ ത്രാനിലിപ്രോൾ, ലാംഡ സെെഹാലോത്രിൻ, ഒമേത്തോയേറ്റ്, ബെെഫെൻ ത്രിൻ.

#വിഷാംശം കുറയ്ക്കാം

ഉപയോഗിക്കുംമുമ്പ് പുളിയോ വിനാഗിരിയോ ബേക്കിംഗ് സോഡയോ ചേർത്ത വെള്ളത്തിൽ 20-30 മിനിറ്റ് ഇട്ടുവയ്ക്കണം. മുറിച്ചിടാവുന്നവ അങ്ങനെ ചെയ്യണം. തുടർന്ന് രണ്ടു വട്ടം നന്നായി കഴുകിയാൽ വിഷാംശം ഭൂരിഭാഗവും പോകും.