ആന്റണി രാജു അയോഗ്യൻ, ഇനി രാജി വയ്ക്കാൻ സാധിക്കില്ല; വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്

Sunday 04 January 2026 1:02 PM IST

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജു എംഎൽഎ അയോഗ്യനായതിനാൽ അദ്ദേഹത്തിന് ഇനി രാജിവയ്ക്കാൻ സാധിക്കില്ലെന്ന് സ്പീക്കറുടെ ഓഫീസ്. കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ആന്റണി രാജു ഇതിനോടകം തന്നെ അയോഗ്യനായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാൻ കഴിയില്ലെന്നാണ് നിയമസഭ സെക്രട്ടറിയേറ്റ് അറിയിച്ചത്.

ലഹരിക്കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ, നിയമസഭാ സെക്രട്ടറിയേറ്റിന്റെ ഔദ്യോഗിക വിജ്ഞാപനം വരുന്നതിന് മുൻപായി എംഎൽഎ സ്ഥാനം രാജിക്കാൻ ആന്റണി രാജു നീക്കം നടത്തിയിരുന്നു. എന്നാൽ, കോടതി വിധി പുറത്തുവന്ന നിമിഷം മുതൽ അയോഗ്യത നിലവിൽ വന്നതിനാൽ നിയമപരമായി ഈ രാജിക്കത്തിന് പ്രസക്തിയില്ല.

ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാൽ, വിധി വന്ന സമയം മുതൽ അയോഗ്യത സ്വയം പ്രാബല്യത്തിൽ വരും. അയോഗ്യനാക്കപ്പെട്ട ഒരാൾക്ക് ആ പദവിയിൽ തുടരാൻ അവകാശമില്ലാത്തതിനാൽ 'സ്വയം ഒഴിയുക' എന്നതിന് ഇവിടെ നിയമസാധുതയില്ല. നിയമസഭാ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഇതോടെ അദ്ദേഹം ഔദ്യോഗികമായി സഭയ്ക്ക് പുറത്താകും.