'വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, പുനർജനിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്'
കൊച്ചി: പുനർജനി പുനരധിവാസ പദ്ധതിയിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത സർക്കാർ നീക്കത്തിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വിഡി സതീശൻ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്. 200ൽ പരം പുതിയ വീടുകളും 100 ഇൽ പരം വീടുകളുടെ അറ്റകുറ്റ പണിയും മാത്രമല്ല കുട്ടികൾക്കുള്ള വിദ്യാഭ്യാസവും വരുമാനമില്ലാത്ത മനുഷ്യർക്ക് പശുവും ആടും തൊട്ട് തയ്യൽ മെഷീനുകൾ വരെ കൊടുക്കുന്ന സമഗ്ര പദ്ധതിയാണ്. വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്'- രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.
പുനർജനി കേസിൽ സിബിഐ അന്വേഷണത്തിന് വിജിലൻസാണ് ശുപാർശ ചെയ്തിരിക്കുന്നത്. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുൻപാണ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്ത ശുപാർശ ചെയ്തത്.
എഫ്സിആർഎ നിയമത്തിന്റെ ലംഘനവും സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനവും ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ? അല്ല ബിജെപി ആണോ? അല്ല അത് ശ്രീ വി ഡി സതീശൻ തന്നെയാണ്. ഒന്നാം വിജയൻ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോൾ അതിന് പ്രതിരോധം എന്ന നിലയിൽ പുനർജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു. ആ ആരോപണത്തിന് മറുപടിയായി ശ്രീ വി ഡി സതീശൻ പറഞ്ഞത് ' ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവിൽ കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങൾക്ക് റിപ്പോർട്ട് കിട്ടും'എന്നാണ്. പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്. 200 ഇൽ പരം പുതിയ വീടുകളും 100 ഇൽ പരം വീടുകളുടെ അറ്റകുറ്റ പണിയും മാത്രമല്ല കുട്ടികൾക്കുള്ള വിദ്യാഭ്യാസവും വരുമാനമില്ലാത്ത മനുഷ്യർക്ക് പശുവും ആടും തൊട്ട് തയ്യൽ മെഷീനുകൾ വരെ കൊടുക്കുന്ന സമഗ്ര പദ്ധതിയാണ്. ശ്രീ വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്..