5000 രൂപ നിസാരമായി കരുതേണ്ട; മാറ്റിവച്ചാൽ കിട്ടാൻ പോകുന്നത് കോടികൾ, പ്രതീക്ഷിക്കാത്ത ലാഭം കൈയിലെത്തും

Sunday 04 January 2026 2:57 PM IST

പുതുവർഷം ആരംഭിച്ചിട്ട് ഇന്ന് നാല് ദിവസങ്ങൾ പിന്നിടുന്നു. 2026ലും മികച്ച സാമ്പത്തിക ഭദ്രതയുള്ള ജീവിതം നയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി കൈയിൽ ലക്ഷങ്ങളോ കോടികളോ വേണമെന്നില്ല. കൃത്യമായി പ്ലാനിംഗും ഐഡിയയും ഉണ്ടെങ്കിൽ ചെറിയ തുക കൊണ്ടുവരെ നിങ്ങൾക്ക് സാമ്പത്തികഭദ്രത ഉറപ്പിക്കാവുന്നതാണ്. നിങ്ങളുടെ പ്രതിമാസ ശമ്പളം എത്ര ചെറുതോ വലുതോ ആയിക്കോട്ടെ അതിൽ നിന്ന് മാസം തോറും 5000 രൂപ മാ​റ്റിവയ്ക്കാൻ സാധിക്കുമോ? എങ്കിൽ കുറഞ്ഞ കാലയളവിൽ തന്നെ നിങ്ങളെ സാമ്പത്തിക സുരക്ഷിതത്വമുള്ള ജീവിതം തേടിയെത്തും. അതിനായി കുറച്ചുകാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

  • പലരും നിക്ഷേപം തുടങ്ങാൻ മടിക്കുന്നത് 5000 രൂപ എന്നത് ഒരു ചെറിയ തുകയായി കാണുന്നത് കൊണ്ടാണ്. എന്നാൽ, മാസത്തിൽ 5000 രൂപ നിക്ഷേപിക്കുമ്പോൾ വർഷത്തിൽ 60,000 രൂപയായി മാറും. പത്ത് വർഷം കൊണ്ട് ആറ് ലക്ഷം രൂപയും 20 വർഷം കൊണ്ട് 12 ലക്ഷം രൂപയും നിങ്ങൾ നിക്ഷേപിക്കുന്നു. വിവിധ നിക്ഷേപപദ്ധതികളിൽ ഈ തുകയ്ക്ക് അനുസരിച്ചുള്ള പലിശയും ലഭ്യമാണ്.
  • വരുമാനം കൂടുന്നതനുസരിച്ച് നിക്ഷേപവും വർദ്ധിക്കണം. ഓരോ വർഷവും നിങ്ങളുടെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാൻ തുകയിൽ പത്ത് ശതമാനം വർദ്ധനവ് വരുത്തിയാൽ, 20 വർഷം കൊണ്ട് ഒരു കോടി രൂപയോളം സമ്പാദിക്കാൻ നിങ്ങൾക്ക് സാധിക്കും.
  • 5000 രൂപ നിക്ഷേപിക്കുമ്പോൾ അത് പലതായി ഭാഗിക്കാം. 3000 രൂപ ഇക്വിറ്റി ഫണ്ടുകളിൽ, 1000 രൂപ ഡെബ്റ്റ് ഫണ്ടുകളിൽ, 1000 രൂപ സ്വർണ്ണത്തിലോ അന്താരാഷ്ട്ര ഫണ്ടുകളിലോ നിക്ഷേപിക്കാം. വിപണിയിലെ നഷ്ടസാദ്ധ്യതകൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
  • പ്രതിമാസം 5000 രൂപ വീതം 12% വാർഷിക വരുമാനം ലഭിക്കുന്ന ഒരു പദ്ധതിയിൽ നിക്ഷേപിച്ചാൽ പത്ത് വർഷം കൊണ്ട് നിക്ഷേപിച്ച ആറ് ലക്ഷം ഏകദേശം 11.6 ലക്ഷമാകും. 20 വർഷം കൊണ്ട് 12 ലക്ഷം രൂപ ഏകദേശം 50 ലക്ഷമായി വളരും. വെറും 18 ലക്ഷം രൂപയുടെ നിക്ഷേപം 30 വർഷം കൊണ്ട് 1.75 കോടി രൂപയായി മാറും.