പാലത്തിനരികിൽ ബൈക്കും ചെരുപ്പും ഉപേക്ഷിച്ച നിലയിൽ; യുവാവിനായി പുഴയിൽ തെരച്ചിൽ

Sunday 04 January 2026 3:24 PM IST

കൊച്ചി: എറണാകുളം കോതാട് പാലത്തിൽ നിന്നും യുവാവ് പുഴയിൽ ചാടിയതായി സംശയം. ഇടയക്കുന്ന് സ്വദേശിയായ ആഷിഖിനു (25) വേണ്ടിയാണ് തെരച്ചിൽ നടക്കുന്നത്. ഇൻഫോപാർക്ക് ജീവനക്കാരനായ യുവാവിനായി അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്‌ദ്ധരും പുഴയിൽ തെരച്ചിൽ തൂടരുകയാണ്.

ശനിയാഴ്‌ച അർദ്ധരാത്രി മുതലാണ് യുവാവിനെ കാണാതായത്. ശനിയാഴ്‌ച 12 മണിവരെ ഇയാൾ സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്നതായാണ് വിവരം. രാത്രി മൂന്നുമണിയായിട്ടും ആഷിഖ് വീട്ടിൽ എത്താതായതോടെ അമ്മ മറ്റുള്ളവരെ വിവരമറിയിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കോതാട് പാലത്തിനരികിൽ യുവാവിന്റെ ബൈക്ക്, ചെരുപ്പ്, ഹെൽമെറ്റ്, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തിയത്. അർദ്ധരാത്രിയിൽ പുഴയിൽ നിന്നും അസ്വാഭാവികമായ ശബ്‌ദം കേട്ടെന്ന് സമീപവാസികളും പറഞ്ഞു. ഇതോടെയാണ് യുവാവിനായി തെരച്ചിൽ ആരംഭിച്ചത്.