കരുവേലിപ്പടി ആശുപത്രിയിലെ തെരുവ് നായ ശല്യത്തിൽ പ്രതിഷേധം ശക്തം
തോപ്പുംപടി: കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവരെ കാത്തിരിക്കുന്നത് തെരുവുനായ്ക്കളുടെ കൂട്ടം. കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച തോപ്പുംപടി സ്വദേശി റഫീക്കിനെ ആശുപത്രി കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ പത്തോളം വരുന്ന നായ്ക്കളാണ് ആക്രമിച്ചത്. ഭയന്ന വീണുപോയ തന്റെ പിൻഭാഗത്ത് ഉൾപ്പെടെ ചതവുകൾ ഉണ്ടെന്നും ഭാഗ്യം കൊണ്ടാണ് നായ്ക്കളുടെ കടിയേൽക്കാതെ രക്ഷപ്പെട്ടതെന്നും ഇയാൾ പറഞ്ഞു.
ആശുപത്രി പരിസരത്തെ ഏക്കർ കണക്കിന് സ്ഥലം കാടുപിടിച്ച് തെരുവ് നായ്ക്കളുടെയും പാമ്പുകളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ആശുപത്രിയിൽ എത്താൻ രോഗികളും കൂട്ടിരിപ്പുകാരും ഭയപ്പെടുന്ന അവസ്ഥയാണ്. മോർച്ചറി ഉൾപ്പെടെയുള്ള ആശുപത്രി കെട്ടിടങ്ങൾ കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ആശുപത്രിയുടെ നിലവിലെ അവസ്ഥയ്ക്കെതിരെ കൊച്ചി നഗരസഭാ കൗൺസിലർ കവിത ഹരികുമാറിന്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകരും പ്രദേശവാസികളും ആശുപത്രി സൂപ്രണ്ടിനെ കണ്ട് പ്രതിഷേധം അറിയിച്ചു. എം.എസ്. ഷുഹൈബ്, സനിൽ ഈസ, ആർ. ബഷീർ, എം.ബി. അഷറഫ്, രാജേഷ്, ഷീജ സുധീർ, ജാസ്മിൻ റഫീഖ്, ഷാഹി നൈന, പി.എച്ച്. ശിഹാബ്, ഹരികുമാർ, ജാസ്മിൻ കൊച്ചങ്ങാടി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ആശുപത്രി കെട്ടിടങ്ങളും പരിസരവും ശുചീകരിച്ച് ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിലാക്കുവാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണം.
ഷമീർ വളവത്ത്
പൊതുപ്രവർത്തകൻ