'ഇതാണ് നമ്പർ വൺ കേരളം'; സോഷ്യൽ മീഡിയയിൽ കെെയടി നേടി മലയാളികളുടെ പ്രിയപ്പെട്ട റെയിൽവേ സ്റ്റേഷൻ
റെയിൽവേ സ്റ്റേഷനെന്ന് പറയുമ്പോൾ ആദ്യം ഓർമവരുന്നത് തിരക്കുപിടിച്ച് ഓടുന്ന ആളുകളും ശബ്ദവും പ്ലാറ്റ്‌ഫോമിലെ മാലിന്യവുമെല്ലാമാണ്. എന്നാൽ ഇപ്പോഴിതാ കേരളത്തിലെ ഒരു റെയിൽവേ സ്റ്റേഷനെ പ്രശംസിച്ചുകൊണ്ടുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വൃത്തിയുള്ള മികച്ച രീതിയിൽ പരിപാലിക്കുന്ന തലശ്ശേരി റെയിൽവേ സ്റ്റേഷന്റേതാണ് വീഡിയോ.
മുബീന എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്രെയിനിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. പ്ലാറ്റ്‌ഫോമിന്റെ ഒരിടത്തുപോലും കുപ്പികളോ മാലിന്യങ്ങളോ ഇല്ല. വളരെ വൃത്തിയായി കിടക്കുന്ന പ്ലാറ്റ്‌ഫോമാണ് വീഡിയോയിൽ ഉള്ളത്.
'ഈ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ആരും എന്റെ മൊബെെൽ ഫോൺ മോഷ്ടിച്ചില്ല.... കേരളം' - എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്. ജനുവരി ഒന്നിന് പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ ആറ് ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. മിക്കവരും റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളെ പ്രശംസിക്കുന്നത്.