പരസ്യ ബോർഡുകൾ അപകടം വരുത്തും

Monday 05 January 2026 12:59 AM IST

കൊച്ചി: നഗരത്തിൽ വഴിയരികിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക്, വർണ പരസ്യ ബോർഡുകൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന ആശങ്ക പങ്കുവച്ച് എറണാകുളം സാംസ്കാരിക വേദി. ജഡ്ജസ് അവന്യൂ ജംഗ്ഷനിൽ റോഡിലേക്ക് ഇറക്കിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. തെരുവിൽ സ്ഥാപിച്ചിട്ടുള്ള ഇത്തരം പരസ്യ ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണം. മെട്രോ തൂണുകൾക്കിടയിലെ മീഡിയനുകളിൽ 90 ശതമാനവും ടൈൽസ് പാകിയിരിക്കുകയാണ്. ടൈൽസ് ഇളക്കി മാറ്റി മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ സൗകര്യമൊരുക്കണം. ഈ വിഷയങ്ങളിൽ കോടതി സ്വമേധയാ ഇടപെടണമെന്നും സാംസ്കാരിക വേദി ജില്ലാ ഭാരവാഹികളായ ഏലൂർ ഗോപിനാഥ്, രാധാകൃഷ്ണൻ കടവുങ്കൽ, കെ.കെ. വാമലോചനൻ, കെ.ജി. രാധാകൃഷ്ണൻ, രഘുനാഥ് ഉണ്ണിത്താൻ, ജുവൽ ചെറിയാൻ എന്നിവർ ആവശ്യപ്പെട്ടു.