ജനവാസ കേന്ദ്രത്തിലെ വിദേശമദ്യ വില്പനശാല; ഹൈക്കോടതി നിർദ്ദേശം പാലിക്കാതെ അധികൃതർ

Monday 05 January 2026 12:41 AM IST

പറവൂർ പല്ലംതുരുത്ത് റോഡിലെ ബിവറേജ് മദ്യവില്പനശാല

പറവൂർ: പറവൂർ നഗരത്തിലെ ജനവാസ കേന്ദ്രമായ പല്ലംതുരുത്ത് റോഡിൽ പ്രവർത്തിക്കുന്ന വിദേശമദ്യ വില്പനശാല ജനുവരി 3ന് മുമ്പ് അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ഹൈക്കോടതി നിർദേശം പാലിക്കാതെ അധികൃതർ.ബിവറേജസ് കോർപ്പറേഷന്റെ ആവശ്യപ്രകാരം എക്സൈസ് കമ്മിഷണർ കാലാവധി രണ്ട് മാസം കൂടി നീട്ടി നൽകിയതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്ന മദ്യശാലയായതിനാൽ ഇത് മാറ്റുന്നതിൽ കോർപ്പറേഷന് താത്പര്യക്കുറവുണ്ടെന്ന് ജനകീയ സമിതി ആരോപിക്കുന്നു.

മൂന്ന് കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും നിശ്ചിത സമയത്തിനുള്ളിൽ ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുത്ത് പ്രവർത്തിക്കുമെന്നും ഒരുമാസം മുമ്പ് ബിവറേജസ് കോർപ്പറേഷൻ റീജിയണൽ മാനേജർ അറിയിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം കോർപ്പറേഷൻ അധികൃതർ രണ്ട് മാസം കൂടി കാലാവധി നീട്ടി ചോദിച്ചത് എക്സൈസ് കമ്മിഷണർ അനുവദിക്കുകയായിരുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് ജനകീയ സമിതി കൺവീനർക്കും നഗരസഭക്കും എക്സൈസ് കമ്മിഷണർ അയച്ചിരുന്നു.

പരാതി, സമരം, പ്രമേയം

എന്നിട്ടും ഫലമില്ല

പറവൂർ സ്വകാര്യ ബസ് സ്റ്രാൻഡിന് സമീപത്ത് പ്രവർത്തിച്ചിരുന്ന ഔട്ട്ലെറ്റ് 2017ലാണ് പല്ലംതുരുത്ത് റോഡുള്ള ബിൽഡിംഗിലേക്ക് മാറ്റിയത്. അന്നുമുതൽ സമീപവാസികൾ പരാതിയും സമരവുമായി രംഗത്തെത്തിയിരുന്നു. മൂന്ന് റെസിഡന്റ്സ് അസോസിയേഷനുകൾ മുഖ്യമന്ത്രിക്കടക്കം പരാതി നൽകി. പറവൂർ നഗരസഭാ കൗൺസിൽ യോഗം ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കി സർക്കാരിലേക്ക് അയച്ചു.

പറവൂർ നഗരസഭാ അഞ്ചാം വാർഡ് മുൻ കൗൺസിലറും ജനകീയ സമിതി ജനറൽ കൺവീനറുമായ രഞ്ജിത്ത് മോഹൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് പുല്ലംതുരുത്ത് റോഡിലെ മദ്യവില്പനശാല മാറ്റാനുള്ള നടപടിയുണ്ടായത്. ഹൈക്കോടതി നിർദ്ദേശപ്രകാരം പറവൂർ നഗരസഭ, ബിവറേജ് കോർപ്പറേഷൻ, സമരസമിതി ഭാരവാഹികൾ എന്നിവരുമായി എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നടത്തിയ ഹിയറിംഗിന് ശേഷം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മിഷണർ ഉത്തരവിറക്കിയത്.

ഏറെ തിരക്കേറിയ പ്രദേശത്താണ് മദ്യവില്പനശാല പ്രവർത്തിക്കുന്നത്.

വേണ്ടത്ര പാർക്കിംഗ് സൗകര്യമില്ല.

ചെറിയ പല്ലംതുരുത്ത്, വലിയ പല്ലംതുരുത്ത്, തൂയിത്തറ നിവാസികളെ നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. നിരവധി ഡോക്ടർമാരുടെ ക്ളിനിക്കും മെഡിക്കൽ ലാബുകളും റോഡിന് ഇരുവശവും പ്രവർത്തിക്കുന്നു.

ഹൈക്കോടതി നിർദേശപ്രകാരമാണ് മദ്യവില്പനശാല മാറ്റുന്നതിന് സമയം നിശ്ചയിച്ചത്. പിന്നീട് നീട്ടിനൽകിയത് കോടതി നിർദേശത്തിന്റെ ലംഘനമാണ്. വീണ്ടും ഹൈക്കോടതിയെ സമീപിക്കും.

രഞ്ജിത്ത് മോഹൻ,

മുൻ കൗൺസിലർ,

ജനകീയ സമിതി ജനറൽ കൺവീനർ.

അനുയോജ്യമായ വില്പനകേന്ദ്രം ലഭ്യമാകാത്തതിനാൽ രണ്ട് മാസം കൂടി എക്സൈസ് കമ്മീഷണർ അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളിൽ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കും.

ആർ. അനൂപ്, റീജിയണൽ മാനേജർ,

ബിവറേജസ് കോർപ്പറേഷൻ