നാടിനെ വിറപ്പിച്ച് പള്ളിയിലെ സ്ഫോടനം

Monday 05 January 2026 1:28 AM IST
കടാതി സെൻ്റ പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് അപകടമുണ്ടായ സ്ഥലം

മൂവാറ്റുപുഴ: കടാതി പള്ളിയിൽ കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറി രണ്ടു കിലോമീറ്റർ അകലെ കേട്ടു. സമീപത്തെ കെട്ടിടങ്ങൾ കുലുങ്ങി. സ്ഫോടനം ഉണ്ടായ മുറിയിലെ ഭിത്തിയുടെ ഹോളോ ബ്രിക്‌സുകൾ ചിതറി. തൊട്ടു മുകളിലെ നിലയിലെ ജനലുകളും വാതിലുകളും ഗ്ലാസ് നിർമ്മിതികളും പൊട്ടിത്തെറിച്ചു.

പള്ളിയിൽ കുർബാന നടക്കുന്ന സമയത്തായിരുന്നു സംഭവം. വിശ്വാസികൾ ഏതാണ് സംഭവിച്ചതെന്നറിയാതെ പരിഭ്രാന്തരായി. പള്ളിച്ച് ചുറ്റുപാടുമുള്ള വീടുകളിലും കെട്ടിടങ്ങളിലും നേരിയ തോതിൽ കുലുക്കം അനുഭവപ്പെട്ടതായി ഇവർ പറഞ്ഞു. അപകടത്തിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

കുർബാനയ്ക്ക്‌ ശേഷം പൊട്ടിക്കുന്നതിനാണ് കതിനകൾ നിറച്ചത്. മരിച്ച രവി കൃഷ്ണനും പരിക്കേറ്റ സഹായി ജെയിംസും പരിചയസമ്പന്നരായിരുന്നു. അപകട കാരണം വ്യക്തമല്ല.

മൂവാറ്റുപുഴ പൊലീസും അഗ്‌നിശമന സേനയും സ്ഥലത്ത് കുതിച്ചെത്തി. പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി. ഫോറൻസിക് വിദഗ്ദ്ധരും ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ദുരന്തത്തെ തുടർന്ന് ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി പെരുന്നാൾ ചടങ്ങുകൾ മാത്രമാക്കി ചുരുക്കി. രവിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 1 ലക്ഷം രൂപ പള്ളി അധികൃതർ കൈമാറി. പരിക്കേറ്റ ജെയിംസിന്റെ ചികിത്സ ചെലവുകൾ പൂർണമായും പള്ളി വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.