വൈഭവം, ക്യാപ്ടനായും
ബെനോനി (ദക്ഷിണാഫ്രിക്ക): ക്യാപ്ടനായ ആദ്യമത്സരത്തിൽ ടീമിനെ വിജയത്തിലേക്ക് നയിച്ച് വൈഭവ് സൂര്യവംശി. അണ്ടർ-19 യൂത്ത് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ഇടിമിന്നലിനെത്തുടർന്ന് കളി മുടങ്ങിയതോടെ ഡെക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 25 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ 301 റൺസിനു പുറത്തായി. ദക്ഷിണാഫ്രിക്ക 27.4 ഓവറിൽ നാലുവിക്കറ്റിന് 148 റൺസെടുത്തുനിൽക്കെ ഇടിമിന്നൽമൂലം കളി നിർത്തുകയായിരുന്നു. ക്യാപ്ടനായ ആദ്യകളിയിൽ ജയം നേടാനായെങ്കിലും ബാറ്റിംഗിൽ ഫോമിലേക്കുയരാൻ സൂര്യവംശിക്കായില്ല. 11 റൺസിന് താരം പുറത്തായി. ഹർവൻഷ് പാൻഗ്ലിയ (93), ആർ.എസ്. അംബ്രിഷ് (65) എന്നിവരാണ് തിളങ്ങിയത്. മറുനാടൻ മലയാളി താരം ആരോൺ ജോർജ് (അഞ്ച്) പെട്ടെന്ന് പുറത്തായി. മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാൻ നാലുറൺസാണെടുത്തത്.
ഇന്ത്യയെ നയിച്ചതോടെ 14-കാരനാ സൂര്യവംശിയ്ക്ക് യൂത്ത് ഏകദിനത്തിലെ പ്രായംകുറഞ്ഞ ക്യാപ്ടനെന്ന റെക്കാഡ് സ്വന്തമായി. പാക് താരം അഹമ്മദ് ഷെഹ്‌സാദിന്റെ റെക്കോഡാണ് വൈഭവ് മറികടന്നത്. ഓസ്‌ട്രേലിയക്കെതിരായ യൂത്ത് ഏകദിനത്തിൽ പാക് അണ്ടർ-19 ടീമിനെ നയിക്കുമ്പോൾ ഷെഹ്‌സാദിന് 15 വർഷവും 141 ദിവസവുമായിരുന്നു പ്രായം. അന്താരാഷ്ട്രക്രിക്കറ്റിൽ അണ്ടർ-19 തലത്തിലെ ഒരു ഫോർമാറ്റിൽ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്ടനുമാണ് വൈഭവ്. വൈഭവിന് മുൻപ് യൂത്ത് ഏകദിനത്തിൽ ഇന്ത്യയെ നയിച്ച പ്രായം കുറഞ്ഞ ക്യാപ്ടൻ അഭിഷേക് ശർമയായിരുന്നു. അന്ന് 16 വയസ്സായിരുന്നു അഭിഷേകിന്റെ പ്രായം.