വെനസ്വേലയിൽ ലോട്ടറി പ്രതീക്ഷിച്ച് ഇന്ത്യ
അമേരിക്കൻ നിയന്ത്രണത്തിൽ അധിക ക്രൂഡ് ഒഴുകും
കൊച്ചി: വെനസ്വേലയിലെ എണ്ണ വിപണി അമേരിക്കൻ നിയന്ത്രണത്തിലായാൽ ഇന്ത്യയിലെ പൊതുമേഖല കമ്പനികൾക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കും. അമേരിക്കൻ ഉപരോധത്തിന് മുമ്പ് വെനസ്വേലൻ എണ്ണ ഇന്ത്യ വൻതോതിൽ വാങ്ങിയിരുന്നു. ഫീൽഡുകളിൽ വീണ്ടും ഉത്പാദനം സാധാരണ നിലയിലാകുന്നതോടെ ഉപരോധത്തിന്റെ ഭാഗമായി മുടങ്ങിയ നൂറ് കോടി ഡോളറിലധികം തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ.
ഉപരോധത്തിന് മുമ്പ് പ്രതിദിനം നാല് ലക്ഷം ബാരൽ ക്രൂഡ് വരെയാണ് വെനസ്വേലയിൽ നിന്നെത്തിയത്. ഇന്ത്യയുടെ മുൻനിര പൊതുമേഖല വിദേശ എണ്ണ ഉത്പാദക കമ്പനിയായ ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡ്(ഒ.വി.എൽ) കിഴക്കൻ വെനസ്വേലയിലെ സാൻ ക്രിസ്‌റ്റോബാൾ ഓയിൽ ഫീൽഡിൽ പ്രവർത്തന പങ്കാളിയായിരുന്നു. ഉപരോധം മൂലം നിർണായക സാങ്കേതികവിദ്യയും ഉപകരണങ്ങളും സേവനങ്ങളും ലഭിക്കുന്നതിന് തടസം നേരിട്ടതോടെ എണ്ണപ്പാടത്തിൽ ഉത്പാദനം കുത്തനെ ഇടിഞ്ഞു. ഒ.വി.എല്ലിന് ഈ എണ്ണപ്പാടത്തിലുള്ള 40 ശതമാനം ഓഹരികളുടെ 2014 വരെയുള്ള ലാഭ വിഹിതമായ 53.6 കോടി ഡോളർ വെനസ്വേല ഇതുവരെ നൽകിയിട്ടില്ല. ഈ കാലയളവിന് ശേഷമുള്ള കണക്കുകൾ ഓഡിറ്റ് ചെയ്യാനും വെനസ്വേല അനുവദിച്ചിരുന്നില്ല. മൊത്തം നൂറ് കോടി ഡോളറാണ് ലഭിക്കാനുള്ളത്.
ഉപരോധം ഒഴിവാകുമെന്ന് പ്രതീക്ഷ
വെനസ്വേലയിലെ എണ്ണപ്പാടങ്ങൾ അമേരിക്കൻ നിയന്ത്രണത്തിലാകുന്നതോടെ ഉപരോധം പിൻവലിക്കുമെന്നാണ് ഇന്ധന വിപണിയിലുള്ളവർ പ്രതീക്ഷിക്കുന്നത്. ഇതോടെ ഇന്ത്യയിൽ നിന്നും റിഗുകളും മറ്റു ഉപകരണങ്ങളും ഒ.വി.എല്ലിന് അവിടേക്ക് എത്തിക്കാനാകും. മെച്ചപ്പെട്ട ഉപകരണങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും ലഭിച്ചാൽ ഒ.വി.എല്ലിന്റെ പങ്കാളിത്തമുള്ള ഫീൽഡിൽ പ്രതിദിന ഉത്പാദനം 80,000 മുതൽ ഒരു ലക്ഷം ബാരൽ വരെ ഉയർത്താനാകും.
കുത്തനെ കുറഞ്ഞ് കയറ്റുമതി
2019ന് മുൻപ് ലോകത്തിലെ മുൻനിര എണ്ണ ഉത്പാദക രാജ്യമായിരുന്ന വെനസ്വേല പ്രതിവർഷം 707 ദശലക്ഷം ബാരൽ എണ്ണയാണ് കയറ്റി അയച്ചിരുന്നത്. ഇതിൽ 35 ശതമാനം വീതം ഇന്ത്യയും ചൈനയും 32 ശതമാനം അമേരിക്കയും വാങ്ങി. എന്നാൽ 2025ൽ കയറ്റുമതി 352 ദശലക്ഷം ബാരലായി കുത്തനെ ഇടിഞ്ഞു. ഇതിൽ 45 ശതമാനം ചൈനയാണ് വാങ്ങുന്നത്.
വെനസ്വേലയിലെ എണ്ണ ശേഖരം
30,300 കോടി ബാരൽ
എണ്ണശേഖരത്തിലെ പ്രധാനികൾ
രാജ്യം മൊത്തം വിഹിതം
വെനസ്വേല 18 ശതമാനം
സൗദി അറേബ്യ 16 ശതമാനം
റഷ്യ 6 ശതമാനം
അമേരിക്ക 4 ശതമാനം