'കേരളത്തില്‍ നടക്കില്ല മറ്റ് സംസ്ഥാനങ്ങളില്‍ നടക്കും', കാരണം വിശദീകരിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര

Sunday 04 January 2026 9:27 PM IST

കേരളത്തില്‍ ഒരു വ്യവസായം ആരംഭിക്കാനും അത് പച്ചപിടിക്കാനും വലിയ ബുദ്ധിമുട്ടാണെന്ന ആരോപണം കാലങ്ങളായുള്ളതാണ്. എന്നാല്‍ ഇന്ന് അതല്ല സംസ്ഥാനത്തെ സ്ഥിതിയെന്ന് സര്‍ക്കാരും മന്ത്രിമാരും അഭിപ്രായപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ വ്യവസായ പശ്ചാത്തലം മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് വളരെ കുറവാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതിന് കാരണമുണ്ടെന്നാണ് പ്രമുഖ സഞ്ചാരിയായ സന്തോഷ് ജോര്‍ജ് കുളങ്ങര അഭിപ്രായപ്പെടുന്നത്.

ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് അഴിമതി കുറവായതിനാലാണ് കേരളത്തില്‍ പലതും നടക്കാത്തതെന്ന് പറയാറുണ്ടല്ലോയെന്ന അവതാരകന്റെ ചോദ്യത്തോട് അത് ശരിയാണെന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നത്. തമിഴ്‌നാട്ടില്‍ പദ്ധതികള്‍ വളരെ എളുപ്പത്തില്‍ നടക്കുമെന്ന് പലരും പറയാറുണ്ട്. തനിക്ക് ഇക്കാര്യത്തില്‍ അനുഭവമുണ്ടെന്നും അദ്ദേഹം പറയുന്നു.

തമിഴ്‌നാട്ടില്‍ സ്വന്തമായി ഭൂമിയുള്ള ആളാണ് താനെന്നും അദ്ദേഹം പറയുന്നുണ്ട്. തമിഴ്‌നാട്ടില്‍ എല്ലാംഎളുപ്പമായതുകൊണ്ടോ ഉദ്യോഗസ്ഥര്‍ ഇങ്ങോട്ട് വന്ന് സഹായിക്കുന്നതുകൊണ്ടോ അല്ല ഇതെന്നാണ് അദ്ദേഹം പറയുന്നത്. തമിഴ്‌നാട്ടില്‍ ഒരു പദ്ധതി ആരംഭിക്കണമെങ്കില്‍ ഭൂമി തരം തിരിക്കുന്നതിന് ഉള്‍പ്പെടെ സെക്രട്ടേറിയറ്റില്‍ നിന്ന് അനുവാദം കിട്ടേണ്ടതുണ്ട്. അതിന് വയ്ക്കുന്ന വ്യവസ്ഥ 25 ലക്ഷം രൂപ നല്‍കണം, മൂന്ന് മാസം കൊണ്ട് എല്ലാ കടലാസുകളും ശരിയാക്കി തരും എന്നതാണ്.

താഴേത്തട്ടുമുതല്‍ വിവിധ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ട ഫീസ് ഉള്‍പ്പെടെയാണ് ഈ തുക. പണം നല്‍കിയാല്‍ എല്ലാം കൃത്യമായി നടക്കും. അഴിമതിക്ക് കൃത്യമായ സംവിധാനം ഉണ്ടെന്നതാണ് തമിഴ്‌നാടിന്റെ കാര്യം. 100 കോടിയുടെ വ്യവസായം ആരംഭിക്കാന്‍ വരുന്ന ഒരാള്‍ക്ക് 25 ലക്ഷം എന്നത് ഒരു വലിയ തുകയോ അഴിമതിയോ ആയി തോന്നുകയില്ല. ഇത് സര്‍ക്കാരിനും അറിയാം എന്നതാണ് പ്രധാന കാര്യം.തമിഴ്‌നാട്ടില്‍ എന്ന് മാത്രമല്ല പല സ്ഥലങ്ങളിലും ഇതാണ് അവസ്ഥയെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.