ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥ; അനാസ്ഥ തുടർന്ന് ദേശീയപാത അതോറിറ്റി
പാലക്കാട്: കഴിഞ്ഞ ഒരു മാസത്തിനിടയിൽ പത്തിലേറെ അപകടങ്ങളാണ് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ദേശീയപാതയിലുണ്ടായത്. ഒരാഴ്ച മുമ്പാണ് ചന്ദ്രനഗർ മേൽപ്പാലത്തിൽ ദീർഘദൂര ബസുകളും കാറും ചരക്കലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്കേറ്റത്. ചൊവ്വാഴ്ച കഞ്ചിക്കോട് ദേശീയപാതയിൽ റോഡ് മുറിച്ചുകടന്ന വൃദ്ധ ബൈക്കിടിച്ച് മരിച്ചിരുന്നു. പുതുവത്സര രാത്രിയിൽ ദേശീയപാതയിൽ വീണ്ടും വാഹനങ്ങളുടെ കൂട്ടിയിടിയുണ്ടായി. കഞ്ചിക്കോട് നടന്ന അപകടത്തിൽ ഏഴപേർക്കാണ് പരിക്കേറ്റത്. എന്നാൽ, അപകടങ്ങൾ പതിവായിട്ടും അപാകങ്ങൾ പരിശോധിച്ച് കൃത്യമായി നടപടിയെടുക്കാൻ ദേശീയപാത അതോറിറ്റി തയ്യാറായിട്ടില്ല. സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിലും രാത്രിവിളക്കുകൾ സ്ഥാപിക്കുന്നതിലും അപകട ബോർഡുകൾ സ്ഥാപിക്കുന്നതിലും അനാസ്ഥ തുടരുകയാണ്. വടക്കഞ്ചേരിയിൽ ഉൾപ്പെടെ ദേശീയപാതയിൽ പലയിടത്തും രാത്രികാലങ്ങളിൽ വെളിച്ചമില്ല. സർവീസ് റോഡുകളില്ലാത്തതും അപകടത്തിന്റെ മറ്റൊരുകാരണമാണ്. വാളയാർ മുതൽ ചന്ദ്രനഗർവരെയുള്ള ഭാഗത്ത് ചരക്കുലോറികളുടെ അനധികൃത പാർക്കിങ്ങും അപകടത്തിന് ഇടയാക്കുന്നു. എതിരെ വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് പലയിടത്തും പാർക്കിംഗ്. മോട്ടോർ വാഹനവകുപ്പ് ദേശീയപാത കരാർ കമ്പനിയോട് പാർക്കിങ് ബേ ഒരുക്കാൻ ആവശ്യപ്പെട്ടെങ്കിലും നടപ്പാക്കിയിട്ടില്ല. കോയമ്പത്തൂർ നവക്കരയിലെ 'ലേ ബേ' കഴിഞ്ഞാൽ വടക്കഞ്ചേരി വരെ സൗകര്യമില്ല. വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാത്തതാണ് അപകടങ്ങൾക്ക് കാരണമെന്നും ബോധവൽക്കരണം നടത്തി കൈയൊഴിയാനുമാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.
ബോധവൽക്കരണം നടത്തുമെന്ന്
ദേശീയപാതയിൽ വർദ്ധിക്കുന്ന റോഡ് അപകടങ്ങളിൽ ഇൗ മാസം 31വരെ ബോധവൽക്കരണം നടത്തുമെന്ന് ദേശീയപാത അതോറിറ്റി. ഹൈവേ പൊലീസ്, ആർടിഒ, ട്രാഫിക് പൊലീസ് റോഡ് സുരക്ഷാ വിഭാഗം എന്നിവരുമായി ചേർന്നാണ് പരിപാടി. ദേശീയപാതയിൽ വാഹനങ്ങൾ ലെയ്ൻ ട്രാഫിക് രീതികൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നും കൃത്യമായി ബോധവൽക്കരണം നടത്തുമെന്നും അധികൃതർ പറഞ്ഞു. അനധികൃത പാർക്കിംഗ് നടത്തുന്ന ലോറികൾക്കെതിരെ കർശന നടപടിയെടുക്കും.