പനിച്ചുവിറച്ച് പാലക്കാട്

Monday 05 January 2026 12:28 AM IST

പാലക്കാട്: അതിരാവിലെ നല്ല തണുപ്പ്. പകൽ 11ഓടെ പൊള്ളുന്ന ചൂടും. ഇടവിട്ടുള്ള കാലാവസ്ഥയിൽ പനിച്ച് വിറച്ച് ജില്ല. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സതേടിയത് 17,066 പേർ. ഇതിൽ 269 പേർക്കും കിടത്തിച്ചികിത്സ വേണ്ടിവന്നു. ലക്ഷണങ്ങളുണ്ടായിരുന്ന 84 പേരിൽ 40 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു.

ഡിസംബർ മൂന്നിന് കിഴക്കഞ്ചേരി സ്വദേശി മരിച്ചത് ഡെങ്കിപ്പനി മൂലമാണെന്നും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം മാത്രം 564 പേരാണ് ചികിത്സതേടിയത്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവുമായി പൊരുത്തപ്പെടാൻ ശരീരം ശ്രമിക്കുമ്പോൾ സ്വാഭാവിക പ്രതിരോധ ശേഷിയിൽ നേരിയ കുറവുണ്ടാകാം. ഇത് വൈറൽ അണുബാധയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അന്തരീക്ഷത്തിലെ പൊടിയും ഈർപ്പവും അലർജി കലർന്ന ചുമയ്ക്കും തുമ്മലിനും കാരണമാകും.

 പകൽ ചൂട് കൂടുന്നു

ജില്ലയിൽ നിലവിൽ 33 ഡിഗ്രി സെൽഷ്യസ്വരെയാണ് പകൽസമയത്തെ ചൂട്. രാവിലെ 23 ഡിഗ്രി സെൽഷ്യസ് താപനിലയും അനുഭവപ്പെടുന്നു. ശരാശരി 75 ശതമാനം വരെയാണ് അന്തരീക്ഷത്തിലെ ഇൗർപ്പത്തിന്റെ അളവ്. പുലർച്ചെ ഇത് 90 ശതമാനംവരെ അനുഭവപ്പെടുന്നുണ്ട്. രാവിലെയുണ്ടാകുന്ന മൂടൽമഞ്ഞിനും നേർത്ത പൊടിക്കാറ്റിനും കാരണം അന്തരീക്ഷത്തിലെ ഇൗർപ്പത്തിന്റെ സാന്നിദ്ധ്യമാണ്. ഇൗ മാസം ആദ്യം ജില്ലയിലെ ചില പ്രദേശങ്ങളിൽ 16 ഡിഗ്രി സെൽഷ്യസ്വരെ കുറഞ്ഞ താപനില അനുഭവപ്പെട്ടിരുന്നു.

 അല്പം ശ്രദ്ധിക്കാം

വെള്ളം നന്നായി തിളപ്പിച്ചുമാത്രം കുടിക്കുക. നിർജലീകരണം ഒഴിവാക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കുക, വെയിലത്തുനിന്ന് വന്ന് പെട്ടെന്ന് തണുത്ത വെള്ളത്തിൽ കുളിക്കുന്നതോ എ.സി ഉപയോഗിക്കുന്നതോ ഒഴിവാക്കുക. പെട്ടെന്ന് ദഹിക്കുന്നതും പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക. മൂടൽമഞ്ഞും വായുവിലെ പൊടിപടലങ്ങളും പ്രതിരോധിക്കാൻ മാസ്‌ക് ഉപയോഗിക്കുക സ്വയം ചികിത്സ ഒഴിവാക്കുക: പനി വിട്ടുമാറുന്നില്ലെങ്കിൽ ഉടൻതന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ഡോക്ടറെയോ സമീപിക്കുക.