അബുദാബിയിൽ വാഹനാപകടം, ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾ മരിച്ചു
Sunday 04 January 2026 10:51 PM IST
അബുദാബി : അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാലു പേർ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശേരി സ്വദേശി അബ്ദുൾ ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അബ്ദുൾ ലത്തീഫും റുക്സാസനയും രണ്ട് മക്കളും അബുദാബി ഷെയ്ഖ് ശഖ്ബത്ത് ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ശനിയാഴ്ച രാവിലെ അബുദാബി - ദുബായ് റോഡിൽ ഷഹാമയ്ക്ക് അടുത്താണ് അപകടം. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ടു മടങ്ങുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ യു.എ.ഇയിൽ തന്നെ കബറടക്കുമെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം.