നെല്ല് സംഭരണം: സഹ .മേഖല ഇടപെടും;മന്ത്രി

Monday 05 January 2026 12:05 AM IST

ആലപ്പുഴ: കുട്ടനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടൽ നടത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..

​രണ്ട് സഹകരണ സംഘങ്ങൾ 'നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ' എന്ന രീതിയിൽ സ്ഥാപിക്കും. ഇവയിൽ ഒരെണ്ണം കോട്ടയത്തും രണ്ടാമത്തേത് പാലക്കാടും. .കോട്ടയത്തേത് മാർച്ചിൽ ഉദ്ഘാടനം ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു..

​അതുരസേവന രംഗത്ത് സഹകരണ മേഖലയുടെ പ്രവർത്തനം ശക്തമാക്കും.എല്ലാത്തരം സേവനങ്ങളും സഹകരണ ആശുപത്രി വഴി ലഭ്യമാക്കും. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ, പ്രവാസികളുടെ തരിശായിക്കിടക്കുന്ന ഭൂമി നിശ്ചിത കാലത്തേക്ക് കൃഷി ചെയ്യുന്ന പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

​ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്. സലാം, സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി.സജിത് ബാബു, കേരളാ ബാങ്ക് പ്രസിഡന്റ് പി.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.