ബോക്സ് അരവണ സ്റ്റോക്കില്ല ടിന്നുകളുടെ എണ്ണവും കുറച്ചു
ശബരിമല : അയ്യപ്പസ്വാമിയുടെ ഇഷ്ട പ്രസാദമായ അരവണയ്ക്ക് കടുത്ത ക്ഷാമം തുടരുന്ന സാഹചര്യത്തിൽ വില്പന കൂടുതൽ പ്രതിസന്ധിയിലേക്ക്. സ്റ്റോക്ക് ഇല്ലാത്തതിനെ തുടർന്ന് ശനിയാഴ്ച രാത്രി മുതൽ ബോക്സ് അരവണയുടെ വില്പന നിറുത്തിവച്ചു. ടിൻ അരവണയുടെ വിതരണത്തിലും തിരക്ക് കൂടുന്ന സമയങ്ങളിൽ കുറവ് വരുത്തുന്നുണ്ട്. പത്ത് ടിന്നുകൾ അടങ്ങുന്നതാണ് ഒരു ബോക്സ് അരവണ. ഇതിന് 1010 രൂപയാണ് വില. തീർത്ഥാടകർക്ക് വളരെ സൗകര്യപ്രദമായ രീതിയിൽ കൊണ്ടുപോകാൻ കഴിയമെന്നതിനാൽ ഇതിന് ആവശ്യക്കാർ ഏറെയായിരുന്നു. വിതരണത്തിന് ആനുപാതികമായി ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയാത്തതിനാൽ ഇന്നലെ മുതൽ ടിൻ അരവണയുടെ വിതരണത്തിലും നിയന്ത്രണം കടുപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
കരുതൽ ശേഖരം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് മണ്ഡലകാലത്തിന്റെ അവസാനം മുതൽ ഒരു ഭക്തന് പരമാവധി ഇരുപത് ടിൻ അരവണ എന്ന ക്രമത്തിലാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ ശനിയാഴ്ച രാത്രി മുതൽ തിരക്ക് വർദ്ധിക്കുന്ന സമയങ്ങളിൽ ഇത് പതിനഞ്ചും പത്തും ടിൻ ആയി കുറയ്ക്കുന്നുണ്ട്. ഇന്നലെ കൗണ്ടറുകൾക്ക് മുന്നിൽ ബോക്സ് അരവണ സ്റ്റോക്കില്ലെന്ന ബോർഡ് സ്ഥാപിക്കുകയും ഒരു തീർത്ഥാടകന് ഇരുപത് ടിൻ അരവണ വരെ ലഭിക്കുമെന്ന ബോർഡ് നീക്കം ചെയ്യുകയും ചെയ്തു. ഇന്നലെ ഭൂരിഭാഗം സമയങ്ങളിലും പത്ത് മുതൽ പതിനഞ്ച് ടിൻ അരവണ മാത്രമാണ് ഒരു ഭക്തന് നൽകിയത്. അടുത്ത ദിവസം മുതൽ ഇത് പത്തായി
നിജപ്പെടുത്തുമെന്നാണ് അറിയുന്നത്. തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് വീണ്ടും കുറവ് വരുത്തേണ്ടി വന്നാൽ അത് വലിയ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കും. പോസ്റ്റൽ അരവണ വിതരണത്തിലുംനിയന്ത്രണമുണ്ട്.
അരവണ പ്ളാന്റ് വൈകുന്നു
ശബരിമല മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തിയ അത്യാധുനിക യന്ത്ര സംവിധാനങ്ങളോടുകൂടിയ പുതിയ അരവണ പ്ളാന്റ് വൈകുന്നതാണ് അരവണ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ വർഷങ്ങളിലെ അരവണ ക്ഷാമം മുന്നിൽക്കണ്ട് ഈ സീസണ് മുമ്പ് ക്ഷേത്രത്തിന്റെ കിഴക്ക് - തെക്ക് മൂലയിൽ പുതിയ പ്ളാന്റ് സ്ഥാപിക്കാനായിരുന്നു ആലോചന. നിലവിലുള്ള പ്ളാന്റിന് പുറമെ പുതിയ പ്ളാന്റുകൂടി വന്നാൽ അവരണ ക്ഷാമത്തിന് ശാശ്വത പരിഹാരമാകും. പത്ത് ലക്ഷത്തിൽപരം ടിൻ അരവണ മാത്രമാണ് ഇപ്പോൾ കരുതൽ ശേഖരമുള്ളത്. ഒരു ദിവസത്തെ വില്പന നാല് മുതൽ നാലര ലക്ഷമായി വർദ്ധിക്കുകയും ഉത്പാദനം മൂന്ന് ലക്ഷത്തിന് മുകളിലേക്ക് കൂട്ടാൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കും. നിയന്ത്രണങ്ങളെ തുടർന്ന് ആവശ്യാനുസരണം അരവണ വാങ്ങാൻ കൂടുതൽ ആളുകൾ ക്യൂ നിൽക്കാൻ തുടങ്ങിയത് കൗണ്ടറുകൾക്ക് മുന്നിൽ വലിയ തിക്കിനും തിരക്കിനും ഇടയാക്കുന്നുണ്ട്.