മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു
തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ ബി.ജെ.പിയുടെ വോട്ട് നേടി പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് കെ.പി.സി.സി നേതൃത്വത്തിന് രാജി നൽകി. പ്രസിഡന്റ് ടെസി ജോസ് സ്വതന്ത്ര അംഗമായതിനാൽ രാജിവയ്ക്കില്ലെന്ന് പുറത്താക്കപ്പെട്ട ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രൻ പറഞ്ഞു. പ്രസിഡന്റിനെതിരെ ആറുമാസത്തിനകം അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ പാർട്ടി പറയുന്നതിനനുസരിച്ച് നിലപാടെടുക്കും. കെ.പി.സി.സി തീരുമാനം എന്താണെന്ന് ഇപ്പോഴും അറിയിച്ചിട്ടില്ല.
റോജി എം.ജോൺ എം.എൽ.എയുമായി നടത്തിയ ചർച്ചയിൽ പാർട്ടിക്ക് ഒപ്പം നിൽക്കുമെന്ന് പറഞ്ഞതു പ്രകാരമാണ് വൈസ് പ്രസിഡന്റ് രാജിവയ്ക്കുന്നത്. ക്രിമിനൽ കേസുകളിലെ പ്രതിയായ കൊടകര റഷീദ് ആവശ്യപ്പെട്ടവർക്ക് പോലും മറ്റത്തൂരിൽ ഡി.സി.സി പാർട്ടി ചിഹ്നം അനുവദിച്ചു കൊടുത്തു. അത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. ഈ വിഷയത്തിലടക്കം നടപടി വേണമെന്നുള്ള കത്തും രാജിക്കത്തിനൊപ്പം കെ.പി.സി.സിക്ക് നൽകുമെന്നും ചന്ദ്രനും നൂർജഹാനും പത്രസമ്മേളനത്തിൽ പറഞ്ഞു. വിമതനായി മത്സരിച്ച കെ.ആർ.ഔസേപ്പ് നിലവിൽ 10 അംഗങ്ങളുള്ള എൽ.ഡി.എഫിനൊപ്പമായതിനാൽ പഞ്ചായത്തിൽ സി.പി.എമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചേക്കും.