കുഷ്ഠരോഗം കണ്ടെത്താൻ ഏഴാം ഘട്ട 'അശ്വമേധം'

Monday 05 January 2026 12:09 AM IST

പരിശോധന

7

മുതൽ

കൊല്ലം: നിർമ്മാ‌ർജ്ജനം ചെയ്ത കുഷ്ഠരോഗം വീണ്ടും കണ്ടെത്തിയതോടെ ബോധവത്കരണവും പരിശോധനകളുമായി ആരോഗ്യവകുപ്പ്. ഏഴാംഘട്ട 'അശ്വമേധം' ഭവന സന്ദർശനം 7ന് ആരംഭിക്കും. 20 വരെയാണ് ക്യാമ്പയിൻ. 2024-25 സാമ്പത്തിക വർഷത്തിൽ 15 കേസുകളാണ് കണ്ടെത്തിയത്. ഇതിൽ രണ്ടുപേർക്ക് അംഗവൈകല്യം സംഭവിച്ചിരുന്നു. ഇതിൽ ഒരു കുട്ടിയും ഉൾപ്പെടും.

ഈ സാമ്പത്തിക വർഷം നവംബർ വരെ എട്ട് കേസുകളാണ് കണ്ടെത്തിയത്. ഇവർക്കുള്ള ചികിത്സ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഏഴാംഘട്ട ക്യാമ്പയിൻ ആരംഭിക്കുന്നത്. ജില്ലയിലെ 16 ബ്ലോക്ക് സി.എച്ച്.സി, അഞ്ച് അർബൻ ഹെൽത്ത് സെന്ററുകൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ പരിശീലനം ലഭിച്ച 2001 വീതം പുരുഷ-സ്ത്രീ വോളണ്ടിയർമാർ വീടുകൾ സന്ദർശിച്ച് പരിശോധനകൾ നടത്തും.

രോഗ ലക്ഷണം കണ്ടെത്തുന്നവർക്ക് ആരോഗ്യകേന്ദ്രങ്ങൾ മുഖേന സമ്പൂർണ സൗജന്യ ചികിത്സ ഉറപ്പാക്കും. വൊളണ്ടിയർമാരുടെ ഭവനസന്ദർശന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഓരോ അഞ്ചു ടീമിനും ഒരു ആരോഗ്യപ്രവർത്തക അല്ലെങ്കിൽ പ്രവർത്തകനെ സൂപ്പർവൈസറായി ചുമതലപ്പെടുത്തും. ഫീൽഡ് തല പ്രവർത്തനങ്ങൾ ബ്ലോക്ക് - ജില്ലാ തലങ്ങളിൽ പ്രത്യേകം നിരീക്ഷിക്കും.

രോഗമുണ്ടെന്ന് സംശയിക്കുന്ന കേസുകളെ പി.എച്ച്.സി / എഫ്.എച്ച്.സി / സി.എച്ച്.സി തലത്തിലേക്ക് എത്തിക്കും. പ്രത്യേക റഫറൽ സ്ലിപ്പും അശ്വമേധം സ്‌പെഷ്യൽ ഒ.പി കൗണ്ടറും സജ്ജീകരിക്കും. തൊലിപ്പുറത്ത് കാണപ്പെടുന്ന ചെറിയ പാടുകൾ പോലും അവഗണിക്കരുത്. രോഗലക്ഷണങ്ങളുണ്ടെങ്കിൽ കുഷ്ഠരോഗ നിർണയ പരിപാടിയുടെ ഭാഗമായി വീടുകൾ സന്ദർശിക്കുന്ന സന്നദ്ധ പ്രവർത്തകരോട് തുറന്നുപറയണം.

വൈകിയാൽ അംഗവൈകല്യം

 ബാക്ടീരിയ മൂലമുണ്ടാകുന്ന കുഷ്ഠരോഗം പ്രധാനമായും വായുവിലൂടെ പകരുന്നു

 രോഗത്തിന്റെ തീവ്രത അനുസരിച്ച് രോഗത്തെ രണ്ടായി തരംതിരിക്കാം

 പകർച്ച കുറഞ്ഞ കുഷ്ഠരോഗവും (പി.ബി) പകർച്ചകൂടിയ കുഷ്ഠരോഗവും (എം.ബി)

 രോഗം പൂർണമായും ചികിത്സിച്ച്‌ ഭേദമാക്കാം

 രോഗം കണ്ടെത്താൻ വൈകിയാൽ അംഗവൈകല്യം സംഭവിക്കാം

ലക്ഷണങ്ങൾ

 തൊലിപ്പുറത്ത് സ്പർശനശേഷി കുറഞ്ഞതും നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ

 തടിപ്പുകൾ

 തടിച്ചതും തിളക്കമുള്ളതുമായ ചർമ്മം

 വേദനയില്ലാത്ത വ്രണങ്ങൾ

 കൈകാലുകൾക്ക് വൈകല്യം

 കണ്ണടയ്ക്കാനുള്ള പ്രയാസം

ആരംഭത്തിലേ രോഗം കണ്ടെത്താനും അംഗവൈകല്യങ്ങൾ ഒഴിവാക്കാനും മുൻകൂട്ടിയുള്ള രോഗനിർണയം അത്യാവശ്യമാണ്. പ്രാഥമിക പരിശോധനയിൽ രോഗം സംശയിക്കുന്നവരെ ഡെർമറ്റോളജിസ്റ്റ് പരിശോധിച്ച് സമ്പൂർണ സൗജന്യ ചികിത്സ ഉറപ്പാക്കും.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)