മദീനയിൽ വാഹനാപകടം: കുടുംബത്തിലെ 4 പേർ മരിച്ചു

Monday 05 January 2026 1:48 AM IST

പെരിന്തൽമണ്ണ: സൗദി അറേബ്യയിലെ മദീനയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മങ്കട വെള്ളില നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമുന കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. അബ്ദുൽ ജലീലിന്റെ മക്കളായ അയിഷ, ഹാദിയ, നൂറ എന്നിവർക്ക് പരിക്കുണ്ട്. ഇവർ മദീന കിംഗ് ഫഹദ് ആശുപത്രിയിലും സൗദി ജർമൻ ആശുപത്രിയിലുമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. മദീന സന്ദർശിച്ച് മടങ്ങവേ, വാദി സഫറിൽ വച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറി കുടുംബം സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.

അബ്ദുൽ ജലീൽ വർഷങ്ങളായി ജിദ്ദയിലാണ്. ഭാര്യ തസ്നയും മക്കളും സന്ദർശക വിസയിലും മാതാവ് മൈമുന രണ്ടുമാസം മുമ്പ് ഉംറ വിസയിലുമാണ് സൗദിയിലെത്തിയത്. ജലീലിന്റെ മറ്റ് മക്കളായ അദ്നാൻ, ഹന, അൽ അമീൻ എന്നിവർ അങ്ങാടിപ്പുറം തിരൂർക്കാട് തോണിക്കരയിലെ വീട്ടിലാണ്. കബറടക്കം മദീനയിൽ നടക്കും. ജലീലിന്റെ ബന്ധുക്കൾ മദീനയിലെത്തിയിട്ടുണ്ട്.