കതിന നിറയ്‌ക്കവേ അപകടം: ഒരു മരണം, സഹായിക്ക് പരിക്ക്

Monday 05 January 2026 1:52 AM IST

മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി പെരുന്നാളിൽ കതിന നിറയ്‌ക്കുമ്പോഴുണ്ടായ സ്‌ഫോടനത്തി​ൽ രണ്ടാർ പൈങ്ങാരപ്പിള്ളി രവി കൃഷ്ണൻ (73) മരിച്ചു. ഗുരുതരമായി​ പൊള്ളലേറ്റ സഹായി റാക്കാട് മരക്കാട്ടിൽ ജെയിംസ് (47) കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി​യി​ൽ ചികിത്സയിൽ. ഇന്നലെ രാവിലെ 8.30ന് പള്ളി ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സെമിത്തേരിയോട് ചേർന്നുള്ള മുറിയിലായിരുന്നു അപകടം.

രവിയും​ ജെയിംസും കതി​ന നി​റക്കുമ്പോൾ ഒരെണ്ണം പൊട്ടി സമീപത്തെ മരുന്നിന് തീപിടിക്കുകയായിരുന്നു​. പുറത്തേക്ക് തെറി​ച്ചുവീണ രവി സംഭവസ്ഥലത്ത് മരിച്ചു. ജെയിംസിനെ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. പള്ളി വികാരി ഫാ.ബിജു വ‌ർക്കി, ട്രസ്റ്റിമാരായ ബാബുപോൾ, സി.എം. എൽദോ എന്നിവ‌ർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. രവി​ കൃഷ്ണന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മകന്റെ ഊന്നുകല്ലിലെ വീട്ടുവളപ്പിൽ സംസ്കരി​ച്ചു. ഭാര്യ: അമ്മിണി, മക്കൾ: ദിലീപ് (കോൺട്രാക്ടർ), ദീപ. മരുമക്കൾ: സൗമ്യ, ശശി.