ട്രക്കിംഗിനിടെ അപകടം: ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ മരിച്ചു
കൊല്ലം: മസ്‌കറ്റിലെ ജബൽശംസിൽ കഴിഞ്ഞ 2ന് ട്രക്കിംഗിനിടെ ഉണ്ടായ അപകടത്തിൽ ഗായിക ചിത്ര അയ്യരുടെ സഹോദരി തഴവ കുതിരപ്പന്തി വെങ്ങാട്ടമ്പള്ളി മഠത്തിൽ (നവശക്തി) ശാരദ അയ്യർ (55) മരിച്ചു. പരേതരായ കാർഷിക ശാസ്ത്രജ്ഞർ ഡോ. ആർ.ഡി.അയ്യരുടെയും (റിട്ട. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.പി.സി.ആർ.ഐ, കാസർകോട്) ഡോ. രോഹിണി അയ്യരുടെയും (റിട്ട. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.പി.സി.ആർ.ഐ, കാസർകോട്) മകളാണ്.
കഴിഞ്ഞമാസം 11നാണ് പിതാവ് ഡോ. ആർ.ഡി.അയ്യർ മരണപ്പെട്ടത്. പിതാവിന്റെ സംസ്കാര ചടങ്ങുകൾക്കായി നാട്ടിലേക്ക് വന്ന ശാരദ 24നാണ് മസ്‌കറ്റിലേക്ക് തിരിച്ചുപോയത്. ജർമ്മനിയിൽ അഡിഡാസ് കമ്പനി സെയിൽസ് മാനേജർ,ഒമാൻ എയർ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ശാരദ മസ്‌കറ്റിൽ സ്വന്തമായി നിർമ്മാണക്കമ്പനി നടത്തുകയായിരുന്നു.
മൃതദേഹം ബഹ്‌ല ആശുപത്രി മോർച്ചറിയിലാണ്. നാളെ നാട്ടിലെത്തിക്കും. സംസ്കാരം 7ന് നടക്കും. മകൻ: കബീർ (ഓസ്ട്രേലിയ). മറ്റൊരു സഹോദരി: ഡോ. രമ അയ്യർ (ഗൈനി- ഓങ്കോളജിസ്റ്റ്, യു.കെ).