വെനസ്വേലയിൽ അമേരിക്കയുടെ കൊടുംക്രൂരത: കാന്തപുരം
കോഴിക്കോട്: സ്വതന്ത്ര പരമാധികാരരാഷ്ട്രങ്ങൾക്കെതിരെ അമേരിക്ക നടത്തുന്ന കൈയേറ്റങ്ങളെ ലോകം കൈയുംകെട്ടി നോക്കി നിൽക്കരുതെന്നും ഇന്ത്യ ഇതിനെതിരായി സംഘടിച്ച രാജ്യങ്ങളോടൊപ്പം ചേർന്നുനിന്ന് പോരാടണമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയ്ക്ക് കോഴിക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെനസ്വേലയ്ക്ക് നേരെയുള്ള ഏകപക്ഷീയ അക്രമങ്ങൾ ഒരുനിലയ്ക്കും അംഗീകരിക്കാൻ കഴിയില്ല. മറ്റു രാജ്യങ്ങളെ ഏകപക്ഷീയമായി ആക്രമിക്കുന്ന പ്രവൃത്തി നമ്മുടെ ജനാധിപത്യ സങ്കൽപ്പത്തെ തന്നെ ഇല്ലാതാക്കും. ലോകം പതിയെ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നു നാം ആശങ്കപ്പെടുകയാണ്. ആക്രമിക്കപ്പെടുന്ന ലോകത്തെ എല്ലാ മനുഷ്യരോടുമൊപ്പം നിൽക്കാൻ നമുക്ക് കഴിയണം. അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അങ്ങേയറ്റം പൈശാചികമായ ഒരുപാട് ചെയ്തികളിലൂടെ ലോകത്തെ വരിഞ്ഞുമുറുക്കുന്ന അമേരിക്കയ്ക്കെതിരെ എന്തുകൊണ്ടാണ് ഇന്ത്യ മൗനം പാലിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജോൺ ബ്രിട്ടാസ് എം.പി ചോദിച്ചു. മുൻകാലങ്ങളിൽ അമേരിക്ക നടത്തിയ ഒരുപാട് പെെശാചികതകൾക്കെതിരെ ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്. എതാനും വർഷമായി ലോക പൊലീസ് ചമഞ്ഞുകൊണ്ട് ഒരു പ്രത്യേക പക്ഷത്തിനായി അമേരിക്ക നിലയുറപ്പിച്ചപ്പോൾ അതിനൊപ്പം ചേർന്ന് നിൽക്കുക എന്ന ഇരട്ടത്താപ്പാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊടമ്പുഴ ബാവ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.ടി.എ റഹീം, കെ.എം സച്ചിൻ ദേവ് , സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി ഗവാസ്, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കാട്, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല എന്നിവർ പ്രസംഗിച്ചു. ജി അബൂബക്കർ സ്വാഗതവും അഫ്‌സൽ കൊളാരി നന്ദിയും പറഞ്ഞു.