അമേരിക്കൻ കാടത്തം: കേന്ദ്ര സർക്കാരിന് മൗനമെന്ന് മുഖ്യമന്ത്രി
ധർമടം: ലോകത്തെ യുദ്ധക്കുറ്റവാളിയായ അമേരിക്ക വെനിസ്വേലയിൽ നടത്തിയ കാടത്തത്തെ അപലപിക്കാൻ കേന്ദ്ര ഭരണാധികാരികൾക്ക് എന്താണ് നാവു പൊങ്ങാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ ഈ നാണംകെട്ട അമേരിക്കൻ വിധേയത്വത്തിലൂടെ ഇന്ത്യയെന്ന രാജ്യവും നമ്മളൊക്കെയുമാണ് അപമാനിതരാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അണ്ടലൂരിൽ പനോളി നാണു സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെനിസ്വേലയിൽ നടന്നത് അമേരിക്കയുടെ ഏറ്റവും നികൃഷ്ടമായ ഇടപെടലാണ്. ആ രാജ്യത്ത് കടന്നുചെന്ന് രാഷ്ട്രത്തലവനെ ബന്ദിയാക്കിയത് രാഷ്ട്രങ്ങൾ തമ്മിൽ പാലിക്കേണ്ട മര്യാദകളൊക്കെ കാറ്റിൽ പറത്തിയാണ്. അദ്ദേഹത്തെ ബന്ദിയാക്കിയ ചിത്രം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നു. എത്ര വലിയ തെമ്മാടിത്തമാണിത്. ഓരോ രാജ്യത്തിന്റെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കേണ്ടതല്ലേ.
നമ്മുടെ രാജ്യത്തിന് ഒരു സൽപാരമ്പര്യമുണ്ടായിരുന്നു. സാമ്രാജ്യത്വ വിരുദ്ധ ചേരിയിൽ നിന്നാണ് രാജ്യത്തിന് ആ പാരമ്പര്യമുണ്ടായത്. മൂന്നാം ലോക രാജ്യങ്ങൾക്കൊപ്പമായിരുന്നു ഇന്ത്യയെപ്പോഴും. സാമ്രാജ്യത്വ വിരുദ്ധ ചേരിക്കൊപ്പം നിൽക്കുന്നതായിരുന്നു ഇന്ത്യയുടെ ചരിത്രം. എന്നാലിപ്പോൾ ഇന്ത്യയുടെ നാക്ക് അനങ്ങുന്നില്ല. പേന ചലിക്കുന്നില്ല. എന്തു കൊണ്ടാണ് അതിന് കഴിയാത്തത്. കേന്ദ്ര സർക്കാരിന്റെയും അതിനെ നിയന്ത്രിക്കുന്ന ആർ.എസ്.എസിന്റെയും നിലപാടാണ് കാരണം. മുമ്പും ഇത് കണ്ടതാണ്. അക്രമകാരികളായ ഇസ്രയേലിനൊപ്പം നിൽക്കുന്ന പ്രധാനമന്ത്രിയെയാണ് നമ്മൾ കണ്ടത്. അതിരു കവിഞ്ഞ പിന്തുണയായിരുന്നു ഇസ്രയേലിന് ഇവരിൽ നിന്ന് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.