ഉടുപ്പിയിൽ നിന്നുള്ള വൈദ്യുതി; കേരള ഭാഗത്ത് ലൈൻ പൂർത്തീകരണത്തിലേക്ക്

Monday 05 January 2026 1:15 AM IST

തിരുവനന്തപുരം:ഉടുപ്പി – കാസർകോട് 400 കെ.വി ഡബിൾ സർക്യൂട്ട് ലൈനിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരണത്തോടടുക്കുകയാണെന്ന് കെ.എസ് .ഇ.ബി അറിയിച്ചു.കേരളത്തിന്റെ വടക്കൻ ജില്ലകളിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കുക ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. ഇതിനെ സംബന്ധിച്ച വർത്ത കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് കെ.എസ് .ഇ.ബിയുടെ പ്രതികരണം.

റൈറ്റ് ഒഫ് വേ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിച്ചിട്ടുണ്ട്. 101 ടവറുകളും സ്ഥാപിച്ചു. ലൈൻ വലിക്കുന്ന ജോലികളും 8 കിലോമീറ്ററോളം പൂർത്തിയായി.ഈ പദ്ധതിയുടെ ഭാഗമായ കാസർകോട് 400/220 കെ.വി.ജി.ഐ എസ് സബ്സ്റ്റേഷനും പൂർത്തിയായി. ലൈൻ നിർമ്മാണത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം ഉറപ്പാക്കാനായി പ്രത്യേക പാക്കേജും സംസ്ഥാന മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്.

കർണ്ണാടക ഭാഗത്തെ പ്രശ്നങ്ങളാണ് നിലവിൽ ലൈനിന്റെ പൂർത്തീകരണത്തിന് വിഘാതം സൃഷ്ടിച്ചിരിക്കുന്നത്.കർണ്ണാടക മേഖലയിലെ 180 ടവർ ലൊക്കേഷനുകളിൽ 60 എണ്ണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്.കേരള സർക്കാരും കെ.എസ്.ഇ.ബിയും ഇച്ഛാശക്തിയോടെ പ്രവർത്തിച്ചതിന്റെ ഭാഗമായി ഉടുപ്പി കാസർകോട് ലൈനിന്റെ സംസ്ഥാനത്തെ നിർമ്മാണപ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റമാണ് ഉണ്ടായതെന്നും അറിയിപ്പിൽ പറയുന്നു.