വാട്ടർബേർഡ് സെൻസസിൽ 72 ഇനം പക്ഷികളെ കണ്ടെത്തി

Monday 05 January 2026 5:04 AM IST

തിരൂരങ്ങാടി: ദേശീയപക്ഷി ദിനത്തോടനുബന്ധിച്ച് ചെറുമുക്ക് ആമ്പൽപാടം വെഞ്ചാലി തണ്ണീർ തടങ്ങളിൽ നടത്തിയ ഏഷ്യൻ വാട്ടർബേർഡ് സെൻസസിൽ 72 ഇനം പക്ഷികളെ കണ്ടെത്തി.

തുടർച്ചയായ അഞ്ചാമത്തെ വർഷമാണ് ചെറുമുക്ക് ആമ്പൽ പാടം വെഞ്ചാലി തണ്ണീർത്തടങ്ങളിൽ ഏഷ്യൻ വാട്ടർബേർഡ് സെൻസസ് നടത്തുന്നത്. കഴിഞ്ഞ വർഷം 69 ഇനം പക്ഷികളെ മാത്രമാണ് കണ്ടെത്തിയതെങ്കിലും അതിനു മുമ്പുള്ള സർവേകളിൽ 80 ലേറെ ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിരുന്നു.

ദേശാടന പക്ഷികളായ കുങ്കുമക്കുരുവി, ചെമ്പൻ അരിവാൾ കൊക്കൻ, വർണ്ണക്കൊക്ക്, യുറേഷ്യൻ മാർഷ് ഹാരിയർ, പുള്ളിക്കാട കൊക്ക്, ചതുപ്പൻ തുടങ്ങിയ പക്ഷികളെ ഇപ്രാവശ്യത്തെ സർവേയിൽ കണ്ടെത്തിയെങ്കിലും മുൻ വർഷങ്ങളിലെ സർവ്വേകളിൽ ഇവിടെ സ്ഥിരമായി കണ്ടിരുന്ന ചാരത്തലയൻ തിത്തിരി, കന്യാസ്ത്രീ കൊക്ക് തുടങ്ങിയ പക്ഷികളെ ഇപ്രാവശ്യം കാണാൻ കഴിഞ്ഞില്ല.

സോഷ്യൽ മീഡിയ വഴി വലിയ പ്രചാരം ലഭിച്ച ചെറുമുക്കിലെ ആമ്പൽ പാടം കാണാൻ സന്ദർശകരുടെ തിരക്ക് വർദ്ധിച്ചതും അനിയന്ത്രിതമായ മാനുഷിക ഇടപെടലുകളും കാലാവസ്ഥ വ്യതിയാനവും ഇവിടുത്തെ പക്ഷി വൈവിദ്ധ്യത്തിൽ കുറവ് വരാൻ കാരണമായിട്ടുണ്ടാകാമെന്ന് സർവ്വേ കോഓർഡിനേറ്റർ പി കബീറലി അഭിപ്രായപ്പെട്ടു.

പി.എസ്.എം.ഒ കോളേജ് ഭൂമിത്രസേന ക്ലബ്ബിന്റെയും മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷ ന്റെയും ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെയും മലപ്പുറം ബേഡേഴ്സിന്റെയും നേതൃത്വത്തിൽ നടത്തിയ സർവ്വേ പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വിജേഷ് വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ പ്രസിഡന്റ് വി.പി. കാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇ.പി.സെയ്തലവി, കെ.വി. ലത്തീഫ്, കൂർമത്ത് ഷഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു. പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ്ബ് ഫാക്കൽറ്റി ഇൻ ചാർജ് പി. കബീർ അലി സർവ്വേ ടീമംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകി. പ്രശസ്ത പക്ഷി നിരീക്ഷകരായ വിജേഷ് വള്ളിക്കുന്ന്, നജീബ് പുളിക്കൽ, അഫ്നിദ തലപ്പാറ, അബ്ദുള്ള പറമ്പാട്ട്, മുഹമ്മദ് തസ്ലീഖ് തുടങ്ങിയവർ പക്ഷി സർവേയ്ക്ക് വിവിധ സ്ഥലനങ്ങളിലായി നേതൃത്വം നൽകി.