ഡയാലിസിസ് ചെയ്‌ത രോഗികൾ മരിച്ച സംഭവം, ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസ്

Monday 05 January 2026 8:33 AM IST

ഹരിപ്പാട്: ഡയാലിസിസിനിടെ വിറയലുണ്ടായി രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നിങ്ങനെ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ്. ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാർ എന്നിവർ കേസിൽ പ്രതികളാകും.

ഡിസംബർ 29നാണ് അഞ്ചു രോഗികൾക്ക് ഡയാലിസിസിനിടെ വിറയലും അസ്വസ്ഥതകളും ഉണ്ടായത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കായംകുളം സ്വദേശിയും ഓട്ടോഡ്രൈവറുമായ പുതുക്കാട് വടക്കേതിൽ മജീദ് (52) 30ന് രാത്രിയിലും തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പച്ചക്കറി വ്യാപാരി വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) ബുധനാഴ്ചയും മരിച്ചു.

ഇതിൽ രാമചന്ദ്രന്റെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പരാതിക്ക്‌ പിന്നാലെ ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം ഡയാലിസിസ് ഉപകരണങ്ങൾ, ഉപയോഗിച്ചിരുന്ന വെള്ളം എന്നിവ പ്രാഥമിക പരിശോധന നടത്തി. എന്നാൽ ഇതിൽ അപാകതകളൊന്നും കണ്ടെത്താനായില്ല. അണുബാധ കണ്ടെത്താനായില്ല എന്ന് ആശുപത്രി സൂപ്രണ്ടും പ്രതികരിച്ചിരുന്നു.