മദ്യവുമായെത്തിയ ലോറി കാറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു,​ റോഡിൽ ചിതറിത്തെറിച്ച് മദ്യകുപ്പികൾ

Monday 05 January 2026 9:00 AM IST

കോഴിക്കോട്: മദ്യവുമായെത്തിയ ലോറി എതിർദിശയിൽ വന്ന കാറിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. മൈസൂർ ഭാഗത്ത്‌ നിന്നും ബിയർ കുപ്പികളുമായി എറണാകുളത്തേക്ക്‌ പോകുകയായിരുന്ന ലോറിയാണ് കാറിലിടിച്ചത്. ലോറി‌ഡ്രൈവർ വയനാട് സ്വദേശി കൃഷ്‌ണനെ ഫയർഫോഴ്‌സ് സംഘം പുറത്തെത്തിച്ച് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ ശ്രമഫലമായാണ് ഇദ്ദേഹത്തെ ലോറിയിൽ നിന്നും പുറത്തെത്തിക്കാൻ കഴിഞ്ഞത്.

200 കെയ്‌സ് ബിയർ കുപ്പികളാണ് ലോറിയിലുണ്ടായിരുന്നത്. ഇതെല്ലാം റോഡിലേക്ക് വീണു. ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. തിരക്കേറിയ റോഡിൽ ബിയർ കുപ്പികൾ പൊട്ടിത്തകർന്ന് കിടക്കുകയാണ്. എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കണക്കെടുക്കും. പൊലീസ് കാവലിലാണ് സ്ഥലം.

ജില്ലയിൽ കൂമ്പാറ കക്കാടംപൊയിൽ റോഡിലും അപകടമുണ്ടായി. നിരവധി യാത്രക്കാരുമായി ഇറക്കം ഇറങ്ങിവരുകയായിരുന്ന മിനി ടൂറിസ്റ്റ് ബസ് മതിലിൽ ഇടിച്ചാണ് അപകടം. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികൾ സഞ്ചരിച്ച മിനി ബസ് ആണ് പീഡികപ്പാറ കോട്ടയം വളവിൽ അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.