മന്നം സമാധിയിൽ പുഷ്പാർച്ചന അനുവദിച്ചില്ല; എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ഗവർണർ ആനന്ദ ബോസ്

Monday 05 January 2026 9:52 AM IST

ന്യൂഡൽഹി: എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നത് തടഞ്ഞ നടപടിയെയാണ് അദ്ദേഹം വിമർശിച്ചത്. ഡൽഹിയിൽ സംഘടിപ്പിച്ച മന്നം അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് പെരുന്നയിലെ മന്നം സമാധി സന്ദർശിക്കാനെത്തിയപ്പോൾ പുഷ്പാർച്ചന നടത്താൻ എൻഎസ്എസ് നേതൃത്വം അനുവദിച്ചില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.

മന്നം സ്മാരകം എന്നത് എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണ്. അവിടെ പുഷ്പാർച്ചന നടത്തുക എന്നത് സമുദായംഗങ്ങളുടെ മൗലികമായ അവകാശമാണ്. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തിയത്, ഈ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. സ്മാരകത്തിന്മേൽ ചിലർ നടത്തുന്ന അനാവശ്യ നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ലെന്നും, സമാധിയിൽ ആദരവ് അർപ്പിക്കാനെത്തിയ വ്യക്തിയെ തടഞ്ഞത് വ്യക്തിപരമായ അവഹേളനമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.