പുതുവർഷത്തിൽ സ്വർണവില ലക്ഷം കടന്നു; പവൻ വിലയിൽ വൻവർദ്ധനവ്, ആശങ്കയോടെ ആഭരണപ്രേമികൾ

Monday 05 January 2026 10:25 AM IST

തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാനത്തെ സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നു. ഇന്ന് പവന് 1,160 രൂപ കൂടി 100,760 രൂപയും ഗ്രാമിന് 145 രൂപ വർദ്ധിച്ച് 12,595 രൂപയുമായി. ജനുവരി മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവീണ്ടും സ്വർണവിപണിയിൽ കടുത്ത ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. ജനുവരി മൂന്ന്, നാല് തീയതികളിൽ സ്വർണവിലയിൽ മാ​റ്റമില്ലായിരുന്നു. അന്ന് പവന് 99,600 രൂപയും ഗ്രാമിന് 12,450 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ അമേരിക്ക നടത്തിയ നടപടികളുടെ ഭാഗമായി വിപണിയില്‍ വലിയ ചാഞ്ചാട്ടത്തിനും വിലക്കയറ്റത്തിനും സാദ്ധ്യതയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസംതന്നെ സാമ്പത്തിക വിദഗ്ദ്ധര്‍ സൂചനകൾ നൽകിയിരുന്നു. ആഗോളതലത്തില്‍ വര്‍ദ്ധിച്ച ഭൗമരാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതും വിപണിയില്‍ അസ്ഥിരത സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യമായ വെനസ്വേലയില്‍ ഉണ്ടായ പുതിയ സാഹചര്യം സ്വര്‍ണം, വെള്ളി വിലകളില്‍ ഈ ആഴചയോടെ തന്നെ പ്രതിഫലിക്കാന്‍ സാദ്ധ്യത വളരെ കൂടുതലാണ്. അതിനുമുന്നോടിയായാണ് ഇന്ന് സ്വർണവിലയിൽ വൻവർദ്ധനവുണ്ടായത്.

കഴിഞ്ഞ വർഷം അവസാനത്തോടെ സ്വർണവിലയിൽ ഇതുവരെ പ്രതീക്ഷിക്കാത്ത തരത്തിലുള്ള കുതിപ്പാണ് ഉണ്ടായത്. ഡിസംബർ 23നാണ് പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 22 ഡോളർ കൂടി 4,349.55 ഡോളർ നിലവാരത്തിൽ തുടർന്നിരുന്നു. യുഎസ്-വെനസ്വേല ഭിന്നത രൂക്ഷമായതും റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പരാജയപ്പെടുമെന്ന ആശങ്കയുമാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്.

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വൻവ‌ർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 265 രൂപയും കിലോഗ്രാമിന് 2,​65,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 257 രൂപയായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.