'സ്വർണക്കൊള്ളയിൽ ഉത്തരവാദിത്തമുണ്ട്'; മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസിന്റെ ഹർജിക്കെതിരെ സുപ്രീംകോടതി

Monday 05 January 2026 12:22 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസിന്റെ ഹർജി തള്ളി സുപ്രീംകോടതി. തനിക്കെതിരായി ഹൈക്കോടതിയിൽ ഉയർന്ന പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ശങ്കർദാസ് സുപ്രീംകോടതിയെ സമീപിച്ചത്. ബോർഡംഗമെന്ന നിലയിൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാന ഉത്തരവാദിത്തമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്​റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ശങ്കർദാസിന്റെ ഹർജി തള്ളിയത്. കേസിൽ അറസ്​റ്റിലായ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കുമ്പോഴുള്ള അംഗമായിരുന്നു ശങ്കർദാസ്. മുൻകൂർ ജാമ്യത്തിനായി കീഴ്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയില്‍ അന്വേഷണം നടത്താൻ ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ആറാഴ്ച കൂടിയാണ് അനുവദിച്ചിരിക്കുന്നത്. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അന്ന് പ്രത്യേക അന്വേഷണ സംഘം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചിരിക്കുകയാണ്. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താനും കോടതി അനുമതി നൽകിയിട്ടുണ്ട്.

ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി പത്മകുമാറിന്റെ അറസ്റ്റിനുശേഷമുള്ള മെല്ലെ പോക്കിനെ വിമർശിച്ചിരുന്നു. വൻ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടെന്ന് ചോദ്യവും ഉയർത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണസംഘം സ്വീകരിച്ച നടപടികൾ ഇന്നത്തെ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് അംഗമായ വിജയകുമാർ, സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജുവലറി ഉടമ ഗോവർദ്ധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറി.