സൂര്യനുദിച്ചതോട കടൽത്തീരത്ത് വെള്ളിത്തിളക്കം; പാഞ്ഞടുത്തവർ കണ്ടത് അതിശയിപ്പിക്കുന്ന കാര്യം, പിന്നാലെ വിശദീകരണം

Monday 05 January 2026 3:32 PM IST

ബംഗളൂരു: ഉഡുപ്പിയിലെ ഹെജമാഡി ബീച്ചിൽ മത്തി ചാകര പ്രത്യക്ഷപ്പെട്ടത് പ്രദേശവാസികളിൽ അത്ഭുതം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം സൂര്യോദയത്തിനുപിന്നാലെ ബീച്ചിലേക്ക് കച്ചവടക്കാരും വിനോദസഞ്ചാരികളും എത്തുന്നതിനുമുൻപ് തന്നെ തീരത്ത് മത്തികൾ കുമിഞ്ഞുകൂടിയിരുന്നു. ബീച്ചിന്റെ ഒരു ഭാഗത്ത് അപൂർവമായ തിളക്കം കണ്ടതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. കടലിന്റെ വെള്ളിമഴയെന്നാണ് ചാകരയെ നാട്ടുകാർ വിശേഷിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ആളുകൾ യാതൊരു ശബ്ദവും ഉണ്ടാക്കാതെ മീൻ വാരിക്കൂട്ടുന്നതാണ് വീഡിയോയിലുള്ളത്. ഇതുകണ്ടവർ പ്ലാസ്​റ്റിക് കവറുകളുമായും തുണി സഞ്ചികളുമായും ഓടിക്കൂടിയാണ് മീൻ വാരിക്കൂട്ടിയത്.

അതേസമയം,​ മുതിർന്ന മത്സ്യത്തൊഴിലാളികൾ ഈ കാഴ്ച അപൂർവമായിരുന്നുവെന്ന് പ്രതികരിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് സമാനമായ സംഭവങ്ങൾ കണ്ടതായി പ്രായമായ മത്സ്യത്തൊഴിലാളികൾ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പക്ഷേ ഇത്രയും വലിയ തോതിൽ അത് കണ്ടവർ ചുരുക്കമാണെന്നും അവർ കൂട്ടിച്ചേർത്തു. മത്സ്യങ്ങൾ വലിയ തോതിൽ തീരത്ത് അടിയുന്നത് കടലിൽ മത്സ്യസമ്പത്തുള്ളതിന്റെ സൂചനയാണെന്നാണ് ചിലർ പറയുന്നത്. എന്നാൽ വലിയ മത്സ്യങ്ങൾ പിന്തുടരുമ്പോഴോ, സമുദ്ര താപനിലയിലോ ഓക്സിജന്റെ അളവിലോ പെട്ടെന്നുള്ള മാറ്റങ്ങൾ വരുമ്പോഴോ ആണ് മത്തികൾ ചിലപ്പോൾ ആഴം കുറഞ്ഞ വെള്ളത്തിലേക്ക് പാഞ്ഞടുക്കുന്നതെന്ന് ചിലർ പറഞ്ഞു.

സമുദ്ര വിദഗ്ദർ പറയുന്നത്

സമുദ്ര പ്രവാഹങ്ങളിലെ മാറ്റങ്ങൾ, താപനില വ്യതിയാനങ്ങൾ, തീരത്തിനടുത്തുള്ള ഓക്സിജന്റെ അളവിലുള്ള കുറവ് എന്നിവ കാരണമാണ് മത്തികൾ കൂട്ടമായി ആഴം കുറഞ്ഞ സ്ഥലത്തേക്കെത്തുന്നതെന്നും വിദഗ്ദർ പറയുന്നു. ഈ പ്രതിഭാസം അപകടത്തെയോ മലിനീകരണത്തെയോ സൂചിപ്പിക്കുന്നില്ലെന്നും ചിലർ കൂട്ടിച്ചേർത്തു.